കണ്ണൂർ: അതിജീവനത്തിന്‍റെ പെൺകരുത്തുമായി പൂക്കൾക്കും പച്ചക്കറികൾക്കുമൊപ്പം വർഷങ്ങളായി തനിച്ച് താമസിക്കുകയാണ് മീനാക്ഷിയമ്മ. 70 വയസിന്‍റേതായ പലവിധ അസുഖങ്ങളുമുണ്ടെങ്കിലും രോഗങ്ങളെയും ഏകാന്തതയേയും അതിജീവിക്കാനാണ് മീനാക്ഷിയമ്മ പച്ചക്കറി, പൂ കൃഷിയിലേക്ക് തിരിഞ്ഞത്. വീടിനോട് ചേർന്നുള്ള 15 സെന്‍റ് സ്ഥലത്താണ് പച്ചക്കറി, പൂ കൃഷിയും ചെടിച്ചട്ടി നിർമാണവും.
ഇപ്പോൾ മുറ്റം നിറയെ മനോഹരമായ നിറങ്ങളിൽ, മണങ്ങളിൽ, ആകൃതികളിലുള്ള പൂക്കളും പച്ചക്കറികളുമാണ്. തന്‍റെ കൈയിൽ ഇല്ലാത്ത പൂക്കൾ എവിടെ കണ്ടാലും അവ വാങ്ങിക്കൊണ്ട് വന്ന് നട്ട് പരിപാലിച്ച് വളർത്തിയെടുക്കും മീനാക്ഷിയമ്മ. ചട്ടികളുടെയും പൂക്കളുടെയും പച്ചക്കറികളുടെയും വിൽപന നടത്തും. ഉപജീവനും അതിജീവനവുമാണ് മീനാക്ഷിയമ്മയ്ക്കിപ്പോൾ അത്.
നിലവിൽ മത്തൻ, കുമ്പളം, തക്കാളി, പയർ, വെണ്ട, ചീര, വെള്ളരി, കക്കിരി തുടങ്ങിയ പച്ചക്കറികളും ലില്ലി, ജമന്തി, ഇലചെടികൾ, പത്തുമണി പൂക്കൾ തുടങ്ങിയ പൂക്കളും മീനാക്ഷിയമ്മയുടെ തോട്ടത്തിലുണ്ട്.
12-ാം വയസ് മുതൽ ജോലി ചെയ്‌ത് തുടങ്ങിയതാണ് മീനാക്ഷിയമ്മ. നെയ്‌ത്തായിരുന്നു ആദ്യ തൊഴിൽ. പലഹാരങ്ങൾ ഉണ്ടാക്കി വിൽപന നടത്തുന്നതായി പിന്നീട് ജീവിത മാർഗം. പ്രായവും അസുഖങ്ങളും ശരീരത്തെ തളർത്തിയതോടെയാണ് മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് ജീവിതം ചെടികൾക്കും പച്ചക്കറികൾക്കും വേണ്ടി മാറ്റി വച്ചത്.