കണ്ണൂര്‍: തലശേരിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവുണ്ടായെന്നാരോപിച്ച് തലശേരി ജോസ്‌ഗിരി ആശുപത്രിക്ക് മുന്നില്‍ കുടുംബത്തിന്‍റെ നിശബ്‌ദ സമരം. സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഷഫ്‌നയെന്ന പേരില്‍ രൂപീകരിച്ച നവമാധ്യമക്കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ജൂലായ് രണ്ടിനാണ് മുഴപ്പിലങ്ങാട് സ്വദേശി ഷഫ്‌നയും നവജാത ശിശുവും മരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ഷാര്‍ജയിലായിരുന്ന ഷഫ്‌ന ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. നാലാം മാസം വരെ ഡോ.ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ഭീതി കാരണം ഡോക്ടർ പരിശോധന നിർത്തിയതിനാലാണ് പിന്നീട് ജോസ് ഗിരി ആശുപത്രിയിലെ ഡോ.വേണുഗോപാലിന്‍റെ ചികിത്സ തേടിയത്.
പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവമാണ് ഷഫ്‌നയുടെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂർ മിംസിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവജാത ശിശുവിന് തൂക്കക്കൂടുതലുള്ളതിനാൽ വിദഗ്‌ധ ചികിത്സക്കായി കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞിനേയും രക്ഷിക്കാനായില്ല.