കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് നാളെ. ദിവസങ്ങൾ നീണ്ടു നിന്ന പരസ്യ പ്രചരണത്തിന് ഒടുവിൽ പരിസമാപ്‌തിയായി. സംസ്ഥാന നേതാക്കൾ കളം നിറഞ്ഞു കളിച്ച അങ്കതട്ടിൽ ഇന്ന് നിശബ്‌ദ പ്രചരണം.
ആകെയുള്ള 35 സീറ്റിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് പ്രധാന മത്സരം. പതിനെട്ട് വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്‌തിട്ടുണ്ട് . 111 സ്ഥാനാർഥികളാണ് ആകെ ജനവിധി തേടുന്നത്.
നഗരസഭ തിരഞ്ഞെടുപ്പിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ എ. ഷാജഹാൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെയാണ് തിരഞ്ഞെടുപ്പ് സമയം. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകൾ കയ്യിൽ കരുതിയതായി ഉറപ്പ് വരുത്തണമെന്നും കമ്മീഷൻ അറിയിച്ചു.
ഓരോ വാർഡിലും ഒന്ന് വീതം 35 പോളിംഗ് സ്‌റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. 38811 വോട്ടർമാരാണ് ആകെ ഉള്ളത്. എല്ലാ ബൂത്തുകളിലും വെബ്‌കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടാകും.
പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്‌സർവർമാർ നേരിട്ട് ആണ് നിരീക്ഷിക്കുക. വോട്ടെണ്ണൽ 22 നു രാവിലെ 10 മണിക്ക് ആരംഭിക്കും.
മട്ടന്നൂർ ഹയർ സെക്കന്‍ററി സ്‌കൂളിലാണ് വോട്ടെണ്ണൽ. പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്‌റ്റംബർ 11 ന് നടത്തും. നഗരസഭ രൂപീകരണം മുതൽ 25 വർഷക്കാലമായി ഭരണം കൈവിട്ടില്ലെന്ന പ്രതീക്ഷയാണ് എൽഡിഎഫ്.
ഭരണം തിരിച്ചു പിടിക്കാൻ യുഡിഎഫും പോരാട്ടത്തിനിറങ്ങുമ്പോൾ ഇത്തവണയും മത്സരം തീപാറും.