കണ്ണൂർ : ആധിയും വ്യാധിയും കൊണ്ട് പൊറുതി മുട്ടുന്ന കർക്കടകമാസം. തോരാത്ത മഴയും കാറ്റും. പട്ടിണി കൊണ്ട് ജീവിതമാകെ താളം തെറ്റുമ്പോൾ ആനന്ദവും ആശ്വാസവുമായി വടക്കേ മലബാറില്‍ മാരിത്തെയ്യങ്ങളിറങ്ങി. മാരികലിയൻ, മാമാലകലിയൻ, മാരി കലച്ചി, മാമലകലച്ചി, മാരികുളിയൻ, മാമാലകുളിയൻ എന്നിങ്ങനെ ആറ് മാരിത്തെയ്യങ്ങളാണുള്ളത്. തിരുമെയ്യിൽ കുരുത്തോലപ്പട്ടുടുത്ത് തൃക്കയിൽ തിരുവായുധമാം മാടിക്കോലുമേന്തി കർക്കടകം പതിനാറാം നാൾ മാടായിക്കാവിന്‍റെ കരവലയങ്ങളില്‍ മാരിത്തെയ്യങ്ങളുറഞ്ഞാടും.
മാരികലിയനും മാരികലച്ചിയും മാരികുളിയനും തിരുവദനത്തിങ്കൽ മുഖപ്പാളയണിയുന്നു. മഞ്ഞളും മനയോലയും മണിഞ്ഞ് മഞ്ജുളമാക്കിയ മുഖമാണ് മാമലകലിയനും മാമലകലച്ചിക്കും മാമലകുളിയനും. ചേങ്ങില-തുടി താളത്തിലുയരുന്ന മാരിപ്പാട്ട്, മാരിത്തെയ്യങ്ങളുടെ ചുവടുകൾക്ക് അരങ്ങും ആരവും ആവേശമാകുന്നു. മാടായിക്കാവിന്‍റെ പരിസരങ്ങളിലെ വീടുകളിലെഴുന്നള്ളുന്ന മാരിത്തെയ്യങ്ങൾ ഗൃഹാങ്കണങ്ങളിൽ മാരിയാട്ടമാടി നാട്ടിലും വീട്ടിലും കാലദോഷങ്ങൾ വിതറുന്ന കലിയെ ആവാഹിച്ചെടുത്ത് അറബിക്കടലിലൊഴുക്കുന്നു എന്നാണ് ഐതിഹ്യം.
തുടിതാളത്തിന്‍റെ അകമ്പടിയോടെ വീടുകളിലെത്തുന്ന മാരിത്തെയ്യങ്ങളുടെ കുരുത്തോല കൊണ്ടുള്ള ആടയാഭരണങ്ങളും ഭാവപ്രകടനങ്ങളും ആരിലും കൗതുകമുണർത്തും. കർക്കടകമാസം 16-ം തിയതി തിരുവർക്കാട്ടുകാവിലെ ഉച്ചപൂജക്കു ശേഷമാണ് മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ടായിരിക്കും. ഇതിൽ കുളിയന് പൊയ്‌മുഖമാകും. തുടികളും ചേങ്ങിലയും പക്കവാദ്യങ്ങളാകും. വീടുകൾ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ് പ്രധാന ചടങ്ങ്.
ഐതിഹ്യം ഇങ്ങനെ: ഒരിക്കല്‍ ആരിയ നാട്ടില്‍ നിന്ന് ഏഴ് ദേവതമാരുടെ കപ്പൽ പുറപ്പെടുകയുണ്ടായി. എന്നാല്‍ ദേവതമാരുടെ കണ്ണിൽ പെടാതെ ആരിയ നാട്ടില്‍ തന്നെ ജന്മമെടുത്ത മാരിക്കൂട്ടങ്ങൾ കപ്പലില്‍ കയറിപ്പറ്റി. കടലിന്‍റെ മധ്യത്തിലെത്തുമ്പോഴേക്കും കപ്പലിനെ മാരിയങ്കാറ്റും ചൂരിയങ്കാറ്റും പിടിച്ചുലച്ചു. ദേവതമാർ പ്രശ്നം വെച്ച് നോക്കുകയും കാരണക്കാർ മാരിക്കൂട്ടങ്ങളാണെന്ന് അറിയുകയും ചെയ്തു.
അങ്ങനെ കപ്പൽ മലനാടിന്‍റെ അരികിലൂടെ വിടുകയും തട്ടും തടയും വെച്ച് മാരിക്കൂട്ടങ്ങളെ അവിടെയിറക്കുകയും ചെയ്തുവത്രെ. അതിനുശേഷമായിരുന്നു വൻ വിപത്ത് മലനാടിനെ ബാധിച്ചത്. കടുത്ത രോഗങ്ങൾ കൊണ്ട് മനുഷ്യരും കന്നുകാലികളും പക്ഷികളും ചത്തൊടുങ്ങാൻ തുടങ്ങി. ക്ഷേത്രങ്ങൾ ദീപവും തിരിയുമില്ലാതെ അനാഥമായി.
ഒടുവില്‍ മാടായി തിരുവർക്കാട്ട് ദേവിക്കും ശനി ബാധിച്ചിരിക്കുന്നു എന്നറിഞ്ഞു. ഇതിനു പരിഹാരം പൊള്ളയ്ക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു എന്ന് പ്രശ്നവശാല്‍ തെളിയുകയും ചെയ്തത്രെ. ഉടനെ പൊള്ളയെ വിളിപ്പിച്ചു. മാടായിക്കാവിലെ ഊട്ടുപുരയ്ക്ക് മുന്നില്‍ വെച്ച് പൊള്ള തനിക്കറിയാവുന്ന വിധത്തില്‍ മന്ത്രങ്ങളാല്‍ 118 കൂട്ടം ശനികൾ ദേവിയേയും നാടിനേയും ബാധിച്ചിരുന്നു എന്ന സത്യം വെളിപ്പെടുത്തുകയും അതിന് പരിഹാര മാർഗമായി “മാരിത്തെയ്യം കെട്ടി മാരിപ്പാട്ട് പാടിയാല്‍ മാത്രമെ ശനി നീങ്ങുകയുള്ളു“ എന്ന് അരുൾ ചെയ്യുകയും ചെയ്തു.
അന്ന് മലനാട് ഭരിച്ചിരുന്നത് ചിറയ്ക്കല്‍ തമ്പുരാനും ക്ഷേത്രങ്ങളുടെ ഭരണം ചേരമാൻ പെരുമാളുമായിരുന്നു എന്നാണ് വാദം. 118 കൂട്ടം ശനികളില്‍ രണ്ട് കൂട്ടം ശനിയെ മലയൻ ഒഴിപ്പിക്കാൻ കഴിയുമെന്നും ഒരു കൂട്ടം ശനിയെ വണ്ണാനും ബാക്കിവരുന്ന ശനിയെ പുലയനും മാത്രമേ കഴിയൂ എന്നും അരുൾ ചെയ്തു. ഒടുവില്‍ പുലയരുടെ മാരിത്തെയ്യങ്ങളില്‍ മാരിക്കലച്ചിയും മാമായക്കലുവനും കെട്ടണമെന്നും മാരിക്കലച്ചിക്ക് കുരുത്തോലാഭരണവും മരമുഖവും കല്പ്പിക്കുകയും ചെയ്തു. ഇതാണ് മാരിത്തെയ്യത്തിന്റെ ഐതിഹ്യം.
പുലയ സമുദായത്തിലെ പൊള്ള എന്ന സ്ഥാനികർക്കാണ് ഈ തെയ്യം കെട്ടാനുള്ള അധികാരം. ക്ഷേത്രത്തിനു വെളിയിലാണ് മാരിത്തെയ്യങ്ങളെ കെട്ടിയാടുന്നത്. തുലാമാസത്തിൽ തുടങ്ങുന്നതും ഇടവപ്പാതിയിൽ വളപ്പട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ മുടി അഴിയുന്നതോടെ തീരുന്നതുമാണ് വടക്കെ മലബാറിലെ പതിവ് തെയ്യക്കോലങ്ങൾ.
മാടായിക്കാവ് ഭദ്രകാളിക്ഷേത്രം: കണ്ണൂർ ജില്ലയിലാണ് ഉത്തര കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മാടായിക്കാവ് ഭദ്രകാളിക്ഷേത്രം അഥവ തിരുവർക്കാട്ടുകാവ് ഭഗവതി ക്ഷേത്രം. കണ്ണൂരിൽ നിന്നും പഴയങ്ങാടി വഴിയുള്ള പയ്യന്നൂർ റൂട്ടിൽ എരിപുരത്താണ് ക്ഷേത്രം.