കണ്ണൂർ: ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ച് പയ്യന്നൂർ കിഴക്കെ കണ്ടങ്കാളി സ്വദേശി വിനയൻ. പരീക്ഷണാടിസ്ഥാനത്തിലാണ് വിനയൻ ചെണ്ടുമല്ലി കൃഷി ചെയ്‌തത്. ഇത്തവണ 10 സെന്‍റ് സ്ഥലത്താണ് വിനയൻ പൂകൃഷി ചെയ്‌തത്.
എന്നാൽ അടുത്ത തവണ കൃഷി വിപുലമാക്കാനുള്ള ആലോചനയിലാണ് വിനയൻ. നിർമാണമേഖലയ്‌ക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന വിനയൻ വർഷങ്ങളായി ചെറിയ രീതിയിൽ പച്ചക്കറി കൃഷിയും ചെയ്യാറുണ്ട്. ഇത്തവണ ഓണത്തിന് ആവശ്യമായ പച്ചക്കറികൃഷിയോടൊപ്പം തന്നെ നടത്തിയ പരീക്ഷണവും വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ കർഷകൻ.
കപ്പ, നേന്ത്രവാഴ, വെണ്ട, പയർ, ചേന, ചേമ്പ്, കക്കിരി, വെള്ളരി, പാവൽ തുടങ്ങി വിവിധയിനം പച്ചക്കറികളും ഹൈബ്രിഡ് ഇനത്തിൽ മഞ്ഞളും ഇഞ്ചിയും ഇദ്ദേഹം കൃഷി ചെയ്‌ത് വിജയിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം കാരണമുള്ള പ്രതികൂല സാഹചര്യവും കാട്ടുപന്നി ശല്ല്യവും അതിജീവിച്ചാണ് പച്ചക്കറികളിലും ചെണ്ടുമല്ലിയിലും മികച്ച വിളവ് ലഭിച്ചത്. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കണമെന്നതാണ് വിനയന്‍റെ ആഗ്രഹം.