ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ മാങ്ങാപ്പാറ കുടിയിലേക്ക് എത്താൻ വാഹനം കടന്നുപോകും വിധം പാലം വേണമെന്ന ആവശ്യവുമായി ആദിവാസി കുടുംബങ്ങൾ. നിലവിൽ മാങ്ങാപ്പാറയിലേക്ക് എത്തിപ്പെടണമെങ്കിൽ ജീപ്പില്‍ പുഴ മുറിച്ച് കടക്കേണ്ട അവസ്ഥയാണുള്ളത്. വാഹന ഗതാഗതം സാധ്യമാകുംവിധം ഇവിടെ പുതിയൊരു പാലം വേണമെന്ന ആദിവാസി കുടുംബങ്ങളുടെ ആവശ്യം ഇന്നും അധികൃതരുടെ ചെവികളില്‍ എത്തിയിട്ടില്ല.
കാല്‍നടയാത്രക്ക് ഒരു നടപ്പാലമുണ്ടെങ്കിലും വാഹനയാത്ര ഇന്നും പുഴമുറിച്ച് കടന്ന് സാഹസികമായി തുടരുകയാണ്. മഴക്കാലത്ത് പുഴ കുതിച്ചൊഴുകാന്‍ തുടങ്ങുന്നതോടെ ഇതുവഴിയുള്ള സാഹസിക യാത്രയും നിലയ്‌ക്കും. പാലമില്ലാത്തതിനാല്‍ പുഴയ്‌ക്ക് കുറുകെ ജീവന്‍ കയ്യില്‍ പിടിച്ച് യാത്ര ചെയ്യാതെ മറ്റ് മാർഗങ്ങളില്ല.
പുഴയിലെ വലിയ കുഴികളില്‍ കുടിനിവാസികളും ഡ്രൈവര്‍മാരും ചേര്‍ന്ന് കല്ലുകളിട്ട് നികത്തി ഒരുവിധത്തിലാണ് വാഹനം മറുകര കടത്തുന്നത്. വെള്ളം നിറഞ്ഞൊഴുകുന്ന പുഴയില്‍ എവിടെയാണ് കുഴിയെന്ന് പോലും വ്യക്തമായി കാണാന്‍ കഴിയില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രായമായവരും രോഗികളും അടക്കം വാഹനയാത്ര സാധ്യമാക്കുന്നത് ജീപ്പിൽ സാഹസികമായി പുഴ മുറിച്ച് കടന്നാണ്.
പ്രദേശത്ത് നിന്നും ഗോത്രമേഖലയിലേക്കുള്ള റോഡും പൂര്‍ണമായി ഗതാഗത യോഗ്യമല്ല. എങ്കിലും, വാഹന ഗതാഗതം സാധ്യമാകും വിധം മറുകര കടക്കാന്‍ ഒരു പാലമെന്ന ആവശ്യമാണ് കുടിനിവാസികള്‍ പ്രധാനമായി മുന്നോട്ടുവയ്‌ക്കുന്നത്.
മഴയുള്ള സമയങ്ങളില്‍ പലപ്പോഴും വാഹനങ്ങള്‍ പുഴയ്‌ക്ക് അക്കരയും ഇക്കരയുമൊക്കെ കുടുങ്ങാറുണ്ട്. കുടിയിലേക്ക് പോയി തിരിച്ചെത്തുമ്പോള്‍ പുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ പിന്നെ മണിക്കൂറുകള്‍ കാത്തുനിന്ന് പുഴയിലെ വെള്ളമിറങ്ങിയതിന് ശേഷം മാത്രമേ ഇക്കരയ്‌ക്കെത്താന്‍ കഴിയൂ. ചിലപ്പോള്‍ വാഹനം കരയിൽ നിര്‍ത്തിയിട്ട് നടപ്പാലത്തിലൂടെ മടങ്ങേണ്ടതായും വരും.
റോഡും പാലവും എല്ലാം വാഗ്‌ദാനം ചെയ്‌ത് തെരഞ്ഞെടുപ്പ് സമയത്തെത്തുന്നവര്‍ പിന്നീട് വാഗ്‌ദാനങ്ങള്‍ മറക്കുന്നുവെന്ന പരാതിയും പ്രദേശവാസികള്‍ക്കുണ്ട്.