കണ്ണൂര്‍: വ്യത്യസ്‌തമായ മാമ്പഴ രുചികള്‍ അനുഭവിച്ചറിയാന്‍ അവസരമൊരുക്കി കുഞ്ഞിമംഗലം സെൻട്രൽ യുപി സ്‌കൂളിലെ കടുക്കാച്ചി നാട്ടു മാമ്പഴ മേള. കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്‌മയും പയ്യന്നൂർ കോളജ് സസ്യശാസ്ത്ര പിജി വിഭാഗവും പയ്യന്നൂരിലെ ജൈവഭൂമി കൂട്ടായ്‌മയും ചേർന്നാണ് മേള സംഘടിപ്പിച്ചത്. മാമ്പഴ വൈവിധ്യം കൊണ്ട് കാഴ്‌ചക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു സ്‌കൂളിലെ മാമ്പഴ മേള.
കുട്ടാപ്പി, ചുവപ്പ് മുഖൻ, ടീച്ചർ മാങ്ങ, ഏഴിലോടൻ, ഏഴിമലച്ചാലിലെ മാങ്ങ, സുബൈദ, പെരിങ്ങോടൻ, സുബൈദ, ചോയിക്കുളങ്ങര, ചെനയൻ, പുളിമധുരൻ തുടങ്ങി വൈവിധ്യമായ ഇനങ്ങളാണ് മേളയില്‍ നിരത്തിയത്. കാഴ്‌ചക്കാരില്‍ നിരവധി പേരും മേളയില്‍ പ്രദര്‍ശിപ്പിച്ച പലവിധം മാമ്പഴങ്ങളും ആദ്യമായി കാണുന്നവരായിരുന്നു.
ഇരുന്നൂറിലധികം വ്യത്യസ്‌തയിനം മാമ്പഴങ്ങളാണ് പാള കൊണ്ടുണ്ടാക്കിയ പ്ലേറ്റില്‍ പ്രദര്‍ശിപ്പിച്ചത്. വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന നൂറിലധികം മാമ്പഴങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വംശനാശത്തിന്‍റെ വക്കില്‍ നിന്നും ഇവയെ തിരിച്ച് കൊണ്ട് വരണമെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. നാട്ടുമാവുകളുടെ പ്രാദേശികവും ജനിതകവുമായ വൈവിധ്യം ആരെയും അമ്പരപ്പിക്കുന്നതാണ്.