കണ്ണൂർ: കണ്ണൂരിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. ചെറുപുഴ കാനംവയൽ ചേന്നാട്ടു കൊല്ലിയിൽ ബേബിയാണ്(50) മരിച്ചത്. അയൽവാസിയായ വാടാതുരുത്തേൽ ടോമിയാണ് വെടിവെച്ചത്. ചെറുപുഴ സി.ഐ കെ. ഉണ്ണികൃഷ്‌ണന്‍റെ നേത്യത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബേബിയുടെ മൃതദേഹം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പോസ്‌റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേയ്‌ക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലൈസൻസുള്ള തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ ഹാജരാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കള്ളത്തോക്ക് ഉപയോഗിച്ചായിരിക്കാം വെടിവെച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മലയോര മേഖലയിൽ കള്ള തോക്കുകൾ വ്യാപകമാണെന്ന പരാതി നിലനിൽക്കുന്നുണ്ട്. ചെറുപുഴ, പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധികളില്‍ ഇതുസംബന്ധിച്ച് നിരവധി കേസുകളെടുത്തിരുന്നു.