കണ്ണൂർ: ഗൂഗിളിൽ നിന്ന് ലഭിച്ച വ്യാജ ബാങ്ക് കസ്റ്റമർ കെയർ നമ്പർ വഴി പരിയാരം സ്വദേശിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം രൂപ. അണ്ടോംകുളത്തെ പുഴക്കൂൽ മഷ്ഹൂക്കിന്‍റെ ബാങ്ക് അകൗണ്ടിൽ നിന്നാണ് പല തവണകളായി അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ മഷ്ഹൂക്ക് കഴിഞ്ഞ ദിവസം പണം പിൻവലിക്കാൻ പരിയാരം ചിതപ്പിലെപൊയിലിലെ എസ്ബിഐ എടിഎം കൗണ്ടറിൽ കയറിയതിന് ശേഷമാണ് സംഭവത്തിന്‍റെ തുടക്കം.
20,000 രൂപ പിൻവലിക്കാൻ വേണ്ടിയായിരുന്നു മഷ്ഹൂക്ക് എടിഎം കൗണ്ടറിൽ കയറിയത്. ആദ്യ തവണ 10,000 രൂപ പിൻവലിച്ചപ്പോൾ പണം കൃത്യമായി ലഭിച്ചു. രണ്ടാമത്തെ തവണ 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പണം പിൻവലിച്ചതായി എസ്എംഎസ് വന്നതല്ലാതെ മെഷീനിൽ നിന്ന് പണം ലഭിച്ചില്ല. തുടർന്ന് ഗൂഗിളിൽ കാനറാ ബാങ്കിന്‍റെ കസ്റ്റമർ കെയർ നമ്പർ സെർച്ച് ചെയ്ത് വിളിച്ചു. കസ്റ്റമർ കെയർ ഓഫീസർ എന്ന് പരിചയപ്പെടുത്തിയ ആൾ ഫോൺ എടുക്കുകയും പണം നഷ്ടപ്പെടാതിരിക്കാൻ പരാതി രജിസ്റ്റർ ചെയ്യണമെന്നും വിശ്വസിപ്പിച്ചു. അതിനായി ഒരു ലിങ്ക് ഫോണിലേക്ക് അയക്കുമെന്നും അതിൽ വ്യക്തി വിവരങ്ങൾ പൂരിപ്പിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു.
ഉടൻതന്നെ വ്യക്തിഗത വിവരങ്ങളും ഒടിപി നമ്പറും അടക്കം മഷ്ഹൂക്ക് ഫോമിൽ പൂരിപ്പിച്ച് നൽകി. ഇതിന് ശേഷമാണ് അഞ്ച് ലക്ഷം രൂപ ഇരുപതിൽ കൂടുതൽ തവണകളായി അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്. വീട് പണിയാൻ വേണ്ടി മഷ്ഹൂക്ക് സ്വരൂപിച്ച പണമാണ് നഷ്ടപ്പെട്ടത്. താൻ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയ മഷ്ഹൂക്ക് പരിയാരം പൊലീസിൽ പരാതി നൽകി. പരിയാരം പൊലീസിന്‍റെ നിർദേശ പ്രകാരം കണ്ണൂർ സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.