കണ്ണൂർ: നാടൻ തോക്കിന്‍റെ 26 തിരകളുമായി ചിറ്റിലപ്പള്ളി സ്വദേശി തളിപ്പറമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. പൊട്ടൻ പ്ലാവ് സ്വദേശി വിനേഷ് മാത്യുവാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൈതൽ മലയുടെ അടിവാരമായ മൂന്നാം കൂപ്പ് സർക്കാർ വനത്തിൽ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി രതീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
വന്യ ജീവികളെ വേട്ടയാടാൻ എത്തിയ സംഘത്തിലെ അംഗമാണ് വിനേഷ്. ഒപ്പമുണ്ടായിരുന്ന 3 പേർ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പൊട്ടൻ പ്ലാവ് സ്വദേശികളായ പെരുങ്കിലക്കാട്ടിൽ ജെയിംസ്, പാലത്തിങ്കൽ സിജി, നരിക്കോട്ടുമല ബാലൻ എന്നിവരാണ് കടന്നുകളഞ്ഞത്.
ഇവരുടെ കയ്യിൽ വന്യജീവികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന നാടൻ തോക്കുകൾ ഉണ്ടായിരുന്നതായി വിനേഷ് മൊഴി നൽകി.ഇവര്‍ക്കുവേണ്ടി വെടിയുണ്ടകള്‍ കർണാടകയിൽ നിന്നും എത്തിച്ചുനൽകുകയാണ് പിടിയിലായ വിനേഷ് മാത്യുവിന്‍റെ ജോലി. ഇവർ നായാട്ടിനായി വന്ന കെഎൽ 59 ആർ 9517 നമ്പർ വാഹനവും പിടികൂടി.
രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം വനം വകുപ്പ് ഊർജിതമാക്കി. നാടൻ തോക്ക് ഉപയോഗിച്ചതില്‍ എടുത്ത കേസ് വനം വകുപ്പ് കുടിയാന്മല പൊലീസിന് കൈമാറും. ഫോറസ്റ്റര്‍ കെ വി വിനോദൻ, എസ് സജീവ് കുമാർ, ബീറ്റ് ഓഫീസർമാരായ പി. എച്ച് ഷമീന, പ്രശോഭ്, ഷാജഹാന്‍ എന്നിവരുടെ സംഘമാണ് വിനേഷിനെ പിടികൂടിയത്.