കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിൽ കേരള- കർണ്ണാടക മാക്കൂട്ടം ചുരം റോഡിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് ചുരം പാത അടച്ചു. പെരുമ്പാടിക്ക് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നു പോവുകയും ഇരിട്ടി - വീരാജ് പേട്ട റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഗതാഗത തടസ്സത്തെ തുടർന്ന് മാനന്തവാടി വഴി വാഹനങ്ങൾ തിരിച്ചുവിടുന്നുണ്ട്. കേരള അതിർത്തിക്ക് സമീപമുള്ള കർണ്ണാടക ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ കേരളത്തിൽ നിന്നുള്ള വാഹന ഗതാഗതം തടഞ്ഞുവച്ചിരിക്കുകയാണ്.
മൈസൂർ അന്തർസംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡ് കനത്ത മഴയിൽ തകർന്നു. മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിനും പെരുമ്പാടി ചെക്ക്പോസ്റ്റിനും ഇടയിലാണ് 60 മീറ്ററോളം ദൂരം റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇതോടെ ഇതുവഴിയുള്ള റോഡ് ഗതാഗതം പൂർണ്ണമായും കുടക് ജില്ലാ ഭരണകൂടം നിരോധിച്ചു. കണ്ണൂർ മേഖലയിൽ നിന്നും ബംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് രാത്രികാല സർവീസ് നടത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ കടന്നുപോയ ശേഷമായിരുന്നു റോഡിന്‍റെ തകർച്ച. എന്നാൽ ഇവയ്ക്ക് പിന്നാലെ വന്ന നിരവധി ചരക്കുവാഹനങ്ങളും യാത്രാ വാഹനങ്ങളും പാതയുടെ ഇരു ഭാഗത്തുമായി കുടുങ്ങി. കുടക് ജില്ലാ ഭരണകൂടത്തിന്‍റെ ഈ വഴിയുള്ള യാത്രാ നിരോധനം വന്നതോടെ പൊലീസും വനപാലകരും ചേർന്ന് കുടുങ്ങിക്കിടന്ന വാഹനങ്ങളെ മുഴുവൻ വഴി തിരിച്ചു വിട്ടു.
കഴിഞ്ഞ വർഷം ഈ പാതയിലുണ്ടായതിന് സമാനമായ പ്രശ്നങ്ങൾ തന്നെയാണ് ഈ വർഷവും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം കാലവർഷത്തിൽ ഈ പാതയിൽ നാലോളം ഇടങ്ങളിലാണ് റോഡ് തകർച്ച ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം ഒരു സ്ഥലത്ത് മാത്രമാണ് റോഡ് തകർച്ച ഉണ്ടായത്. റോഡ് പുനർ നിർമ്മിച്ച് ഗതാഗതയോഗ്യമാക്കാൻ ചിലപ്പോൾ മാസങ്ങൾ തന്നെ വേണ്ടിവന്നേക്കും.