കണ്ണൂര്‍: ദേശീയ പാതയിലെ വെറുമൊരു പാലമല്ല മാഹി പാലം. രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് ചരിത്ര പ്രാധാന്യവും ഏറെയാണ്. കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹി പാലത്തിലൂടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്.
പക്ഷേ പാലം ശോച്യാവസ്ഥയിലായതുകാരണം ഇതു വഴിയുള്ള ഗതാഗതം ദുരിതമയമായിട്ട് വര്‍ഷങ്ങളായി. മാഹിയുടെ ടൂറിസം വാണിജ്യ പ്രാധാന്യം കൂടി കണക്കിലെടുത്ത് അറ്റകുറ്റപ്പണിക്ക് വേഗം കൂട്ടണമെന്ന് ഏറെ നാളായി നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു വരികയാണ്. അടിയന്തര അറ്റകുറ്റപ്പണിക്ക് വെറും 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി മാത്രം നടക്കുന്നില്ല.
ദേശീയപാത 66 ല്‍ മുഴപ്പിലങ്ങാട് മുതല്‍ മാഹി വരെയുള്ള പാതയുടെ പണി അന്തിമഘട്ടത്തിലാണ്. ദേശീയപാത അധികൃതരുടെ ശ്രദ്ധ മുഴുവന്‍ ഇത് ഡിസംബര്‍ മാസം പൂര്‍ത്തീകരിക്കുന്നതിലാണ്. ഈ പാതയുടെ ഭാഗമായി മാഹിപ്പാലത്തിന് സമാന്തരമായി മറ്റൊരു പാലം തയ്യാറായിട്ടുണ്ട്.
അത് തുറക്കുന്നതോടെ മാഹി പാലത്തിന്‍റെ പ്രാധാന്യം കുറയുമെന്നാണ് ദേശീയ പാത അധികൃതര്‍ കണക്ക് കൂട്ടുന്നത്. ദേശീയ പാത വഴി മാറി പുതിയ ദിക്കിലൂടെ യാഥാര്‍ഥ്യമാകുമ്പോള്‍ മാഹിപ്പാലം ദേശീയപാത വിഭാഗം പോണ്ടിച്ചേരി-കേരള സര്‍ക്കാറുകള്‍ക്ക് നല്‍കുമെന്നാണ് സൂചന. തുടര്‍ന്ന് അങ്ങോട്ട് പാലത്തിന്‍റെ അറ്റകുറ്റപ്പണികളും പുനര്‍ നിര്‍മാണവും ഇരു സംസ്ഥാനങ്ങളുടേയും ചുമതലയിലാവും.
സ്റ്റേറ്റ് ഹൈവേ എന്ന നിലയില്‍ ഈ റോഡ് നിലനിര്‍ത്തുമോയെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തില്‍ വലിയ തുക ചെലവഴിച്ച് മാഹിപ്പാലം അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടോ എന്ന സന്ദേഹമാണ് ദേശീയ പാത അതോറിറ്റിക്കെന്ന് ആക്ഷേപമുണ്ട്. മാഹിപ്പാലം അപകടാവസ്ഥയിലാണെന്ന് കാണിച്ച് മയ്യഴിക്കൂട്ടം എന്ന സംഘടന ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ പാലം സുരക്ഷിതമാണെന്നും ഭാരവാഹനങ്ങള്‍ കടന്നു പോകുന്നതില്‍ കുഴപ്പമില്ലെന്നുമുള്ള സത്യവാങ്മൂലമായിരുന്നു ദേശീയപാത അതോറിറ്റി നല്‍കിയത്.
ഇക്കാര്യത്തില്‍ കോടതി അതൃപ്‌തി രേഖപ്പെടുത്തുകയും ദേശീയപാത വിഭാഗം പാലത്തെ സംബന്ധിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിന്‍റെ രേഖകള്‍ ഹൈക്കോടതിക്ക് നല്‍കാന്‍ ഉത്തരവിടുകയും ചെയ്‌തു. എന്ത് അടിസ്ഥാനത്തിലാണ് ഭാരവാഹനങ്ങള്‍ പാലത്തിലൂടെ കടന്നു പോകുന്നതെന്ന ഉറപ്പ് നല്‍കുന്നതെന്ന് ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാഹിപാലം വഴിയുള്ള യാത്ര ദുരിതത്തെ അവഗണിക്കുന്ന സാഹചര്യത്തിലാണ് മയ്യഴിക്കൂട്ടം പൊതു താല്‍പ്പര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ദേശീയപാതയിലുള്ള പാലം സുരക്ഷിതമാണെന്നുള്ള മറുപടി നല്‍കിയതില്‍ കോടതി അതൃപ്‌തി രേഖപ്പെടുത്തിയത് ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടിയായിട്ടുണ്ട്.
പാലത്തിനുണ്ടൊരു ചരിത്രം: മയ്യഴിപ്പുഴക്ക് കുറുകെ ഇംഗ്ലീഷുകാര്‍ നിര്‍മ്മിച്ച ഒരു മരപ്പാലമായിരുന്നു മലബാറിലെ കോഴിക്കോട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിച്ചിരുന്നത്. ഈ മരപ്പാലം ഒഴുകിപോയതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ 1933ല്‍ പണിതതാണ് ഇന്ന് കാണുന്ന രീതിയിലുള്ള പാലമായി മാറിയത്. കാലപ്പഴക്കം കൊണ്ടും വര്‍ധിച്ചു വന്ന വാഹനപ്പെരുപ്പം കൊണ്ടും ദുര്‍ബലമായിക്കൊണ്ടിരുന്ന ഈ പാലം 1971ല്‍ പുതുക്കി പണിതു. എന്നാല്‍ ഇംഗ്ലീഷ് ഭരണത്തിന്‍റെ ബാക്കി പത്രം പോലെ പാലത്തിന്‍റെ കരിങ്കല്‍ തൂണുകളെല്ലാം അതേ പോലെ നിലനിര്‍ത്തി.
കേരള പൊതുമരാമത്ത് വകുപ്പ് പാലം കോണ്‍ക്രീറ്റ് ചെയ്‌ത് ബലപ്പെടുത്തുക മാത്രമായിരുന്നു. ഒട്ടേറെ തവണ ഈ പാലത്തിലൂടെയുള്ള ഗതാഗതം സ്‌തംഭിക്കുകയും ചെയ്‌തു. ബഹുജനങ്ങളുടെ മുറവിളിക്കൊന്നും കാര്യമായ പ്രതികരണം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. 2003 മുതല്‍ ദേശീയ പാത അധികൃതര്‍ പാലം ബലപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. 2004ല്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് വേണ്ടി പോണ്ടിച്ചേരി മരാമത്ത് വകുപ്പ് ഇരു കരകളിലേയും സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ട പദ്ധതി തയ്യാറാക്കിയിരുന്നു.
125 മീറ്റര്‍ നീളത്തില്‍ പത്തര മീറ്റര്‍ വീതിയില്‍ പാലം നിര്‍മ്മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന് ഇരുവശവും കാല്‍നടക്കാര്‍ക്കായി നടപ്പാതയും ഉള്‍പ്പെടുത്തിയിരുന്നു. മാഹി പൊതുമരാമത്ത് വകുപ്പ് പദ്ധതി രേഖയും സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജില്ല കലക്‌ടറുടെ അനുമതിക്ക് കാത്തിരുന്നെങ്കിലും കലക്‌ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടും അനുമതി പ്രാവര്‍ത്തികമായില്ല
പാലത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തമ്മില്‍ ബന്ധിക്കുന്ന ഇടം തകര്‍ന്നിട്ട് മാസങ്ങളായി. പാലത്തിന് മുകളില്‍ കരിങ്കല്‍ ചീളുകള്‍ ഇളകി കുഴികളായി രൂപപ്പെട്ടു. ഗതാഗത തടസം മൂലം പാലത്തില്‍ ഭാരവാഹനങ്ങള്‍ നിന്നു പോകുന്നതും പതിവായി.
കാല്‍ നടക്കാര്‍ക്ക് പാലത്തിന്‍റെ ഇരു നടപ്പാത വഴിയും ഭയത്തോടെയേ നടക്കാന്‍ കഴിയൂ. കാര്യങ്ങള്‍ അങ്ങേയറ്റം വഷളായെങ്കിലും നിലവിലുള്ള പാലം അറ്റകുറ്റ പണി ഇനിയും നീണ്ടു പോകില്ല എന്നാണ് ലഭിക്കുന്ന സൂചന. അതിനിടെ എന്തു വില കൊടുത്തും മാഹിപ്പാലം സംരക്ഷിക്കണമെന്ന വാദം ശക്തമാവുകയാണ്.
ഗോവയില്‍ നിന്നും മംഗലാപുരത്ത് നിന്നും മറ്റും മാഹി സെന്‍റ് തെരേസാസ് പള്ളിയിലേക്ക് ദൈനംദിനം നിരവധി തീര്‍ഥാടകരെത്തുന്നത് മാഹിപ്പാലം വഴിയാണ്. ഇതെല്ലാം കണക്കിലെടുത്ത് പാലം അറ്റകുറ്റപ്പണി അതിവേഗം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കടുത്ത തകര്‍ച്ചയിലേക്ക് നീങ്ങുന്ന മാഹി പാലം ഇതേ നിലയില്‍ നിലനിര്‍ത്താന്‍ ആവില്ലെന്ന് ദേശീയ പാത വിഭാഗത്തിനും സംസ്ഥാന പൊതുമരാത്ത് വകുപ്പിനും ബോധ്യമായിട്ടുണ്ട്. ഗതാഗതം തടസപ്പെടും വിധം പാലം തകര്‍ച്ചയിലേക്ക് കൂപ്പ് കുത്താതിരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും വൈകിയെങ്കിലും ശക്തമായ ഇടപെടല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.