മാഹി: പുതുച്ചേരി ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന മാഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. മാഹിയിലെ 33 പോളിങ് ബൂത്തുകളിലാണു വോട്ടെടുപ്പ്. പുതുച്ചേരി ലോക്സഭാ മണ്ഡലത്തില്‍ 4,59,504 പുരുഷന്‍മാരും 5,13,810 സ്ത്രീകളും 96 ഭിന്നലിംഗ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 9,73,410 വോട്ടര്‍മാരുള്ളത്. 20,789 പേര്‍ ആദ്യമായി വോട്ടുചെയ്യും. മാഹിയില്‍ മൊത്തം 29951 വോട്ടര്‍ സമ്മതിദാനവകാശം വിനിയോഗിക്കും.
തെരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കുന്നതിന് 200 പേരടങ്ങിയ ഒരു ബറ്റാലിയന്‍ കേന്ദ്രസേനയും മാഹിയിലെത്തി റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. മാഹി പാലം, പൂഴിത്തല, ചൊക്ലി, പാറാല്‍, മാക്കുനി, കോപ്പാലം എന്നിവിടങ്ങളില്‍ താത്ക്കാലിക ചെക്ക് പോസ്റ്റുകളില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വാഹന പരിശോധന കര്‍ശനമാക്കി. മാഹിയില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം 19 വരെ മാഹിയില്‍ ഡ്രൈഡേ പ്രഖ്യാപിച്ചതിനാല്‍ മദ്യശാലകള്‍ തുറക്കില്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പുതുച്ചേരി സംസ്ഥാനത്ത് കര്‍ശനമാക്കിയതിനാല്‍ ചുമരെഴുത്തുകളോ ബാനറുകളോ മാഹിയില്‍ കാണാനില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി. വൈദ്യലിംഗവും എന്‍.ആര്‍ കോണ്‍ഗ്രസിലെ ഡോ. നാരായണ സാമി കേശവനും തമ്മിലാണു പ്രധാന മത്സരം. മാഹിയില്‍ മാത്രം സി.പി.എം പിന്തുണക്കുന്ന സിനിമാതാരം കമലഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാനാര്‍ഥി സുബ്രമണ്യമടക്കം 18 സ്ഥാനാര്‍ഥികളാണ് പുതുച്ചേരിയില്‍ മത്സര രംഗത്തുള്ളത്. പുതുച്ചേരിയില്‍ ബാക്കിയുള്ള 27 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ആണ് സി.പി.എം പിന്തുണക്കുന്നത്.
മാഹിയിലെ സിപിഎം അണികളുടെ വോട്ട് കോൺഗ്രസ്സിനെന്ന് മാഹിയിൽ സിപിഎം പിന്തുണച്ച എം.എൽ.എ വി രാമചന്ദ്രൻ .പുതുച്ചേരിയിൽ യു.പി.എ സഖ്യത്തിൽ ആണെങ്കിലും മാഹിയിൽ മക്കൾ നീതി മയം സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനായിരുന്നു പാർട്ടി ആഹ്വാനം .