കണ്ണൂർ: റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് എതിർ വശത്തെ കടയിലേക്ക് പാഞ്ഞു കയറി. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഗായകന് ഗുരുതര പരിക്ക്. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫേം റോഷനാണ് പരിക്കേറ്റത്. മട്ടന്നൂർ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഗായകൻ റോഷൻ. കണ്ണൂർ എ.കെ.ജി ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.
മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡിലെ കുഴിയിലിൽ പെട്ടതോടെ നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത് എതിർ വശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടകൾ തുറക്കാത്ത സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കാർ മലക്കം മറിഞ്ഞു. ഗുരുതര പരുക്കുകളോടെ റോഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസുകൾ നിർത്തുന്നതിന് വേണ്ടി റോഡിൽ അശാസ്ത്രീയമായി നിർമ്മിച്ച താഴ്ചയാണ് അപകട കാരണമായത്. രാത്രികാലങ്ങളിൽ ഈ കുഴിയിൽ വാഹനാപകടങ്ങൾ പതിവാണ്.