കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 785 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചു. ഈ ബൂത്തുകളിൽ വെബ്‌കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും. പൊലീസ് നല്‍കിയ പ്രശ്‌ന സാധ്യതാ ബൂത്തുകളുടെ പട്ടികയനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താരുമാനം. ഡെപ്യൂട്ടി കലക്ടര്‍ സി മുഹമ്മദ് ഷെഫീഖ് നോഡല്‍ ഓഫീസറായ ടീമിനാണ് വെബ്‌കാസ്റ്റിങ് ചുമതല. കെല്‍ട്രോണ്‍, ഐ ടി സെല്‍, ഐ കെ എം എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് വെബ്‌കാസ്റ്റ് ഒരുക്കുക. വെബ്‌കാസ്റ്റിങ്ങിന് പുറമെ റിട്ടേണിംഗ് ഓഫീസര്‍മാര്‍, പൊലീസ് എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള മറ്റ് ബൂത്തുകളില്‍ വീഡിയോ കവറേജ് സംവിധാനവും ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കും.
രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ചെലവില്‍ വീഡിയോ കവറേജിനുള്ള സൗകര്യവും ഒരുക്കും. 3700 രൂപയാണ് ഇതിനായി അടക്കേണ്ടത്. ഈ തുക ജില്ലാ കലക്ടറുടെ പേരില്‍ ഡിമാന്‍റ് ഡ്രാഫ്റ്റായി കലക്ടറേറ്റില്‍ അടക്കണം. വീഡിയോ കവറേജിനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അപേക്ഷ ഡിസംബര്‍ അഞ്ച് വരെയാണ് സ്വീകരിക്കുക. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ഒരുക്കിയാണ് വെബ്‌കാസ്റ്റിങ് നടപ്പാക്കുക. ഇതിനായി നാല്‍പത് മോണിറ്ററുകള്‍ സ്ഥാപിക്കും. വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ച് മണി മുതല്‍ വൈകിട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയാണ് വെബ്‌കാസ്റ്റിങ് നടത്തുക.