കണ്ണൂര്‍: പുലി ഭീതിയില്‍ പാനൂര്‍ മീത്തലെ കുന്നോത്ത്പറമ്പ്. വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി വീട്ടമ്മ. കുന്നോത്ത് പറമ്പ് സ്വദേശിയായ രമേശന്‍റെ ഭാര്യ ഷീജയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. ഇന്നലെ (ഡിസംബര്‍ 29) രാത്രിയാണ് സംഭവം (Leopard Presence In Kannur).
വീട്ടുമുറ്റത്ത് നിന്നും ശബ്‌ദം കേട്ട ഷീജ പുറത്തേക്ക് നോക്കിയപ്പോഴാണ് നായയ്‌ക്ക് പിന്നാലെ ഓടുന്ന പുലിയെ കണ്ടത്. ശരീരത്തില്‍ നീണ്ട പുള്ളികളുള്ള വലിയ ജീവിയാണെന്നും വാലും കണ്ടുവെന്നും ഷീജ പറഞ്ഞു. സമീപത്തെ വീട്ടുകാരും മുറ്റത്ത് നിന്നും പുലിയുടെ ശബ്‌ദം കേട്ടതായി പറഞ്ഞു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
വിവരം ലഭിച്ച വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പുലിയുടെ സാന്നിധ്യം തിരിച്ചറിയത്തക്ക വിധമുള്ള തെളിവുകളൊന്നും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ല. സ്ഥലത്ത് ഇന്ന് (ഡിസംബര്‍ 30) രാത്രിയും വനം വകുപ്പിന്‍റെ പരിശോധന തുടരും. പരിശോധനയില്‍ പുലിയെത്തിയതിന്‍റെ തെളിവുകള്‍ ലഭ്യമായിട്ടില്ലെങ്കിലും ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് നിര്‍ദേശിച്ചു (Kannur Leopard Spotted).
പുലിയുടെ സാന്നിധ്യം നേരത്തെയും: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചെറുപറമ്പിലും പുലിയുടെ സാന്നിധ്യമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചെറുപറമ്പ് സ്വദേശിയായ കെ കെ അഷ്‌റഫിന്‍റെ വീടിന് സമീപമാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. രാത്രിയില്‍ ചെറുപറമ്പിനും സമീപ പ്രദേശങ്ങളിലും പുലിയെത്തുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയില്‍ മേഖലയിലെ നായകള്‍ ഏറെ പരിഭ്രാന്തരാകുന്നതും ഭയന്നോടുന്നതും പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി വീണു: അടുത്തിടെ വനപ്രദേശമായ മേക്കുന്നിലെ ജനവാസ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമായിരുന്നു. ആശങ്ക നിലനില്‍ക്കുന്നതിനിടെ മേക്കുന്നിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ ഒരു പുലി വീണതായി കണ്ടെത്തുകയും ചെയ്‌തിരുന്നു. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതര്‍ പുറത്തെടുത്തപ്പോഴേക്കും പുലി ചത്തു. നിരന്തരമായുണ്ടാകുന്ന പുലി ഭീതിയില്‍ ജനങ്ങള്‍ പൊറുതി മുട്ടിയതോടെ കെപി മോഹനന്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അഖില്‍ നാരായണന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തി പ്രദേശത്ത് തെരച്ചില്‍ നടത്തുകയും ചെയ്‌തു.
ഇടുക്കിയിലും സമാന സംഭവം: കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ കോമ്പയറിലും കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യമുണ്ടായി റിപ്പോര്‍ട്ട്. പൊന്നാംകാണിയിലെ കൃഷിയിടത്തിലെ അതിഥി തൊഴിലാളികളാണ് പുലിയുടെ സാന്നിധ്യമുണ്ടായതായി വിവരം നല്‍കിയത്. രാത്രിയില്‍ വീട്ടുമുറ്റത് നിന്ന് പുലിയുടെ ശബ്‌ദം കേട്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വിവരം അറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയില്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി.
also read: 'പുലി വരുന്നേ പുലി'..; പുലിപ്പേടിയിൽ കോഴിക്കോട് കൂടരഞ്ഞി