കണ്ണൂര്‍: തളിപ്പറമ്പ് ചെപ്പനൂലിലെ വയലുകളിൽ കർഷകർക്ക് ഭീക്ഷണിയായി അട്ടശല്യം രൂക്ഷം. അട്ട ശല്യം കാരണം പാടത്ത് പണിയെടുക്കാൻ ആവശ്യത്തിന് തൊഴിലാളികളെ കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആവശ്യമായ നടപടികൾ ഉണ്ടായില്ലെന്നും കര്‍ഷകര്‍ പരാതി പറയുന്നു. 38 ഏക്കറോളം പരന്നു കിടക്കുന്നതാണ് ചെപ്പനൂലിലെ വയൽ. ജലക്ഷാമം കണക്കിലെടുത്ത് വയലുകളിൽ ഒന്നാംവിള പൂർണമായും രണ്ടാം വിളയുടെ സമയത്ത് പച്ചക്കറിയും ആവശ്യത്തിന് നെൽ കൃഷിയുമാണ് നടത്തുന്നത്. തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കിയതിനു ശേഷമാണ് ഇപ്പോൾ അട്ട ശല്യം രൂക്ഷമായിരിക്കുന്നത്.
കടിച്ച അട്ടയെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താന്‍ ഉപ്പും കൈയ്യില്‍ കരുതിയാണ് പലരും പാടത്ത് പോകുന്നത്. വർഷ കാലത്താണ് അട്ടശല്യം കൂടുതലായി ഉള്ളത്. നിലവില്‍ കൃഷിക്കായി വെള്ളം ഉപയോഗിക്കാൻ തുടങ്ങിയതോടെ കൂടുതൽ അട്ടകൾ എത്തുന്നുണ്ടെന്നും കർഷകർ പറയുന്നു. കുമ്മായം ഉപയോഗിച്ചാൽ അട്ടയെ നിയന്ത്രിക്കാം എന്ന നിർദേശമാണ് അധികാരികളിൽ നിന്നും ലഭിച്ചത്. എന്നാൽ അത് ചെയ്‌തിട്ടും കർഷകർക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. കർഷകർക്ക് വിപുലമായി ഒന്നാംവിളയും രണ്ടാം വിളയും കൃഷി ചെയ്യണമെങ്കിൽ ഇതിനൊരു പരിഹാരം ആവശ്യമാണ്.