കണ്ണൂര്‍ : പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ് മോഷ്ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയെ സേലത്തുനിന്നും പിടികൂടി. തമിഴ്‌നാട് തിരുവാരൂർ സ്വദേശി തമിഴ്‌സെല്‍വ(25)നെയാണ് അറസ്റ്റുചെയ്തത്. പി.ജി വിദ്യാര്‍ഥിയായ അശ്വതിയുടെ 40,000 രൂപ വരുന്ന ലാപ്ടോപാണ് പ്രതി കവര്‍ന്നത്.
മോഷണം ഹോസ്റ്റല്‍ മുറിയില്‍
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ 500 ലധികം ലാപ്ടോപ് മോഷ്ടിച്ച കേസുകളില്‍ പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ മെയ് 30ന് മെഡിക്കല്‍ കോളജിന്‍റെ എട്ടാംനിലയിലെ 802-ാം നമ്പര്‍ ബ്ലോക്കിലെ പി.ജി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മുറിയിലാണ് കവര്‍ച്ച നടന്നത്.
കണ്ണൂരിൽ നിന്നും ഓട്ടോറിക്ഷയിലെത്തിയ തമിഴ് സെൽവൻ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നയാളാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ഹോസ്റ്റലില്‍ പ്രവേശിയ്ക്കുകയായിരുന്നു.അതിനായി വ്യാജ തിരിച്ചറിയൽ കാർഡും പ്രതി ഉപയോഗിച്ചു
രാജ്യത്തൊട്ടാകെ മോഷണം
മോഷണത്തിന് ശേഷം തിരികെ മടങ്ങിയ ഇയാൾ പിന്നീട് ഒളിവിൽ പോയി. ആശുപത്രിയിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യവും, സഞ്ചരിച്ച ഓട്ടോ കണ്ടെത്തിയതും റെയിൽവേ സ്റ്റേഷനിൽ നിന്ന് ശേഖരിച്ച യാത്രാവിവരങ്ങളും പ്രതിയെ പിടികൂടുന്നതിൽ നിർണായകമായി.
ALSO READ: സജേഷ് ബിനാമി ; 'പൊട്ടിക്കലിന്‍റെ' സൂത്രധാരൻ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
പിടികൂടിയത് പ്രത്യേക അന്വേഷണ സംഘം
2021 ജനുവരിയിൽ ഗുജറാത്തിൽ നടന്ന മോഷണ കേസിലും തമിഴ്സെൽവൻ പിടിയിലായിരുന്നു. കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പരിയാരം സിഐ എം.ജെ ജിജോ, എസ്.ഐ ടി.എസ് ശ്രീജിത്ത്, ക്രൈം സ്ക്വാഡ് എ.എസ്.ഐ എ.ജി അബ്ദുൽ റൗഫ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.