കണ്ണൂര്‍: മലയോര ഹൈവേയുടെ നിർമാണത്തിനായി കിടപ്പാടവും ഉപജീവനമാർഗവും വിട്ടുനൽകി പെരുവഴിയിലായിരിക്കുകയാണ് ചെറുപുഴ വാണിയം കുന്ന് സ്വദേശി സന്തോഷ്. അധികൃതരുടെ വാക്ക് വിശ്വസിച്ചാണ് റോഡ് വികസനത്തിനായി മൂന്നര സെന്‍റ് സ്ഥലത്തുള്ള ഹോട്ടലും അതിനോടനുബന്ധിച്ചുള്ള വീടും സന്തോഷ് പൊളിച്ചു മാറ്റിയത്. പുതിയ വീട് അനുവദിച്ച് തരുമെന്ന് റോഡ് കമ്മിറ്റി സന്തോഷിന് വാക്ക് നല്‍കിയെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. വീട് നഷ്‌ടമായതോടെ രണ്ട് വർഷമായി സന്തോഷും കുടുംബവും വാടക വീട്ടിലാണ് കഴിയുന്നത്.
വൃദ്ധയായ മാതാവും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ പണം കണ്ടെത്താൻ സന്തോഷ് ചെറുപുഴയിലെ ഒരു കടയിൽ ജോലി ചെയ്‌ത് വരികയാണ്. നേരത്തെ ഹോട്ടൽ നടത്തി സാമാന്യം നല്ല നിലയിൽ ജീവിച്ച സന്തോഷിനെ കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വീട് വാടകയും കുട്ടികളുടെ പഠനത്തിനുമുള്ള ചെലവും കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ്. ലൈഫ് പദ്ധതിയിൽ ഉൾപെടുത്തി വീട് അനുവദിച്ചു തരാം എന്നായിരുന്നു റോഡ് നിർമാണ കമ്മിറ്റി സന്തോഷിനും കുടുംബത്തിനും നൽകിയ വാഗ്‌ദാനം. കച്ചവടക്കാരെ സഹായിക്കാൻ പല സ്ഥലത്തും റോഡിൽ വളവുകൾ നിർമിക്കാൻ അനുമതി നൽകിയ റോഡ് നിർമാണ കമ്മിറ്റി ആകട്ടെ കുടുംബത്തോട് മാനുഷിക പരിഗണന കാണിക്കാൻ പോലും തയ്യാറായില്ല. ജീവിതം വഴിമുട്ടിയതോടെ മനുഷ്യാവകാശ കമ്മിഷനും കലക്‌ടർക്കും പരാതി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.