കണ്ണൂർ : ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേർന്ന് കുത്തനെ വരയോട് കൂടിയ കുർത്തക്കുള്ള തുണി കണ്ണൂരിൽ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ ഓണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്രമന്ത്രി അമിത് ഷായ്ക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഓണക്കോടി സമ്മാനിക്കുന്നതിനായാണ് ഈ തുണികൾ നെയ്‌തെടുക്കുന്നത്.
കണ്ണൂർ മേലെ ചൊവ്വയിലെ ലോകനാഥ് സഹകരണ നെയ്‌ത്ത് സംഘമാണ് ഓണക്കോടി ഒരുക്കുന്നത്. ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്‌ടർ കെഎസ് അനിൽ കുമാറിന്‍റെ നിർദേശ പ്രകാരം ലോകനാഥ് വീവേഴ്‌സ് സെക്രട്ടറി പി വിനോദ് കുമാർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഒരു ദിവസം മൂന്ന് മീറ്റർ തുണിയാണ് നെയ്യുക.
അതീവ ശ്രദ്ധയോടുകൂടി മാത്രമേ ഇത്തരം തുണികൾ നെയ്തെടുക്കാൻ സാധിക്കുകയുള്ളു. മോദിക്ക് കൈമാറാനുള്ള തുണി നെയ്തെടുത്തത് നാല് ആഴ്‌ച കൊണ്ടാണ്. 40 മീറ്റർ തുണിയാണ് എല്ലാവർക്കും ആയി ഓർഡർ ചെയ്‌തത്. ഇത് വരെയായി 20 മീറ്റർ തുണി മാത്രം ആണ് നെയ്തെടുത്തത്. കണ്ണൂർ വാരം സ്വദേശിനി കെ ബിന്ദുവാണ് അതീവ ശ്രദ്ധയോടെ തുണി നെയ്തെടുക്കുന്നത്.
കോട്ടയം രാമപുരം അമനക്കര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസ് ആണ് തുണിയുടെ നിറവും പാറ്റേണും രൂപകൽപന ചെയ്‌തത്. ദേശീയ കൈത്തറി ദിനമായ തിങ്കളാഴ്‌ച തുണി തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ തുന്നൽ കേന്ദ്രത്തിലാണ് കുർത്ത തയ്‌ച്ചെടുക്കുക.
ALSO READ : സർക്കാർ നയങ്ങളിൽ വലഞ്ഞ് കൈത്തറി മേഖല ; കുടിശ്ശികയായി കിട്ടാനുള്ളത് ലക്ഷങ്ങൾ
1955ലാണ് ലോകനാഥ് വീവേഴ്‌സ് പ്രവർത്തനം ആരംഭിക്കുന്നത്. പഴമയുടെയും നെയ്‌ത്തിന്‍റെയും കാര്യത്തിൽ ഏറെ പ്രശസ്ഥമാണ് ലോകനാഥ് വീവേഴ്‌സ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പടെ സന്ദർശിച്ച ഇടം കൂടിയാണിവിടം. നെയ്ത്തും കൈത്തറി വസ്ത്രങ്ങളും പ്രതിസന്ധി നേരിടുന്ന സമയത്ത് പോലും മികച്ച തുണിത്തരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
കേന്ദ്ര സർക്കാരിന്‍റെ അധീനതയിലുള്ള സ്ഥാപനം കഴിഞ്ഞ മൂന്ന് വർഷങ്ങളായി സാരികളിലെ തനിമ തേടി പുതിയ പരീക്ഷണങൾ നടത്തിവരികയാണ്. ഇത് വരെ 36 ഇനം വേറിട്ട സാരികൾ ഇവിടെ നിർമിച്ചു കഴിഞ്ഞു. 1500 മുതൽ 4000 രൂപ വരെയാണ് സാരികളുടെ വില. പ്രീമിയം പ്ലസ് ശരിയാണ് ഇത്തവണത്തെ ഏറ്റവും പുതിയ മോഡൽ. 4000 രൂപയാണ് സാരിയുടെ വില.
സ്ഥാപനത്തിന്‍റെ പെരുമയിൽ അമേരിക്കയിലേക്ക് ഉൾപ്പെടെ ഇവിടുന്ന് വസ്ത്രങ്ങൾ കയറ്റി അയക്കാറുണ്ട്. മോദിക്കും അമിത് ഷായ്‌ക്കും ലോക്‌നാഥ് സഹകരണ നെയ്‌ത്ത് കേന്ദ്രത്തിൽ നിന്ന് തുണിത്തരങ്ങൾ കൈമാറുന്നത്തോടെ കൂടുതൽ പ്രശസ്‌തിയിലേക്കെത്താനും സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരെ സ്ഥാപനത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇതിന്‍റെ ഉദ്യോഗസ്ഥർ. സാരികളിലെ വേറിട്ട വൈവിധ്യങ്ങൾ ഇവരെ ആകർഷിക്കാനുള്ള മുതൽ കൂട്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.