കണ്ണൂര്‍: രൂക്ഷമായ ടയര്‍ ക്ഷാമം കാരണം സര്‍വീസുകള്‍ നടത്താനാകാതെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോ. ആവശ്യത്തിന് ടയറുകള്‍ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം മാത്രം ഏഴ് സര്‍വീസുകള്‍ മുടങ്ങി. നാല്‍പ്പത്തിരണ്ട് ടയറുകളാണ് നിലവില്‍ പയ്യന്നൂര്‍ ഡിപ്പോയില്‍ ആവശ്യമുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ആകെ കിട്ടിയത് ആറ് പുതിയ ടയറുകള്‍ മാത്രം. തകരാറുള്ള ബസുകളുടെ ടയറുകള്‍ മാറ്റി ഇട്ടാണ് നിലവില്‍ പയ്യന്നൂര്‍ ഡിപ്പോയില്‍ സര്‍വീസുകള്‍ നടത്തുന്നത്.
ടയര്‍ കിട്ടാത്തതിനൊപ്പം റീസോള്‍ ചെയ്യാന്‍ അയച്ച ടയറുകള്‍ തിരിച്ചെത്താത്തതും പ്രതിസന്ധി കൂട്ടുന്നു. ഡിപ്പോയിൽ നിന്ന് വർക്ക് ഷോപ്പിലേക്ക് ടയറുകൾ റീസോളിങിന് അയക്കുമ്പോൾ കൃത്യതയോടെ തിരിച്ചയക്കുന്ന പതിവ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ പതിവ് പൂർണമായും തെറ്റിയിരിക്കുന്നു. റീസോളിങിന് അയച്ച ടയറുകൾ വർക്ക് ഷോപ്പിൽ കെട്ടിക്കിടക്കുകയാണ്. പല തവണ പരാതിപ്പെട്ടിട്ടും പുതിയ ടയറുകൾ ആവശ്യത്തിന് ലഭ്യമാക്കാനോ റിസോളിങ് വേഗത്തില്‍ നടത്താനോ അധികൃതര്‍ തയ്യാറാവുന്നില്ല.