കണ്ണൂര്‍: സിപിഎമ്മിനകത്ത് തനിക്ക് മുകളിൽ ആരും വളരരുത് എന്ന മനോഭാവം പുലർത്തുന്ന നേതാക്കന്മാരാണ് ഉള്ളതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാര്‍ട്ടിയിലെ സ്റ്റാറാണ് ടീച്ചര്‍ എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവരെ മന്ത്രിയാക്കാതിരുന്നതെന്ന് അറിയില്ല. ശൈലജ ടീച്ചർ മന്ത്രിയായിരുന്ന കാലത്തെ അഴിമതികൾ അന്വേഷിച്ചാൽ എല്ലാവരും കുടുങ്ങും. അപ്പോൾ കാണാം ടീച്ചറുടെ പ്രതിച്ഛായയെന്നും കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
എന്തുചെയ്‌താലും രാഷ്‌ട്രീയ എതിരാളിയെന്ന് പറഞ്ഞു അപഹസിക്കുന്നത് എന്തുതരം രാഷ്‌ട്രീയമാണെന്നും മാഗ്‌സസെ പുരസ്‌കാര വിവാദത്തെ ചൂണ്ടിക്കാട്ടി കെ സുധാകരൻ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീൻ മജീദിനെതിരെ കാപ ചുമത്താൻ സര്‍ക്കാരിന് സാധിക്കില്ല. കാപ ചുമത്തിയാൽ ഫര്‍സീനായി പാര്‍ട്ടി സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തുമെന്നും സുധാകരൻ. സിപിഎം നേതാക്കന്മാരാണ് ഫര്‍സീനെ തല്ലിച്ചതച്ചതെന്നും സുധാകരൻ ആരോപിച്ചു.