കണ്ണൂർ : പ്രസവത്തിനായി ജില്ല ആശുപത്രിയിലേയ്‌ക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ കാറിൽ പെട്രോൾ ഉണ്ടായിരുന്നു എന്ന വാർത്തയ്‌ക്കെതിരെ മരിച്ചവരുടെ കുടുംബവും കെപിസിസിയും. കാറിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമാണെന്ന് റീഷയുടെ അച്ഛൻ കെ.കെ വിശ്വനാഥൻ പറഞ്ഞിരുന്നു. വിദഗ്‌ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആയിരുന്നുവെന്ന പ്രചാരണത്തിനെതിരെയായിരുന്നു കെ കെ വിശ്വനാഥന്‍റെ മറുപടി.
കാറിന്‍റെ പിന്‍ഭാഗത്ത് ക്യാമറയും അതിന്‍റെ അനുബന്ധ സംവിധാനങ്ങളും അധികമായി ഘടിപ്പിച്ചിരുന്നു. സ്‌റ്റിയറിങ്ങിന്‍റെ ഭാഗത്തുനിന്നുണ്ടായ പുക, നിമിഷനേരം കൊണ്ട് കത്തിപ്പടരുകയായിരുന്നു. കാറിൽനിന്ന് എടുത്തുചാടിയതുകൊണ്ടാണ് പിറകിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷിക്കാനായതെന്നും വിശ്വനാഥൻ രാഷ്‌ട്രീയ നേതാക്കളോട് സൂചിപ്പിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് കെ പി സി അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്. കാറിന് തീപിടിച്ചതിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. അതിനിടെ കഴിഞ്ഞ ദിവസത്തെ നിലപാട് തിരുത്തി മോട്ടാർ വാഹന വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
ഷോട്ട് സര്‍ക്യൂട്ടാവാം കാറിന് തീപിടിക്കാന്‍ കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന ദാരുണമായ അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഉൾപ്പടെയുള്ള ഏജൻസികൾ വിശദമായ പരിശോധന നടത്തിവരികയാണ്. വാഹനത്തിനുള്ളിൽ പെട്ടെന്ന് തീയാളാനുള്ള കാരണങ്ങളെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്.
മോട്ടോർ വാഹന വകുപ്പ്, ഫോറൻസിക്, പൊലീസ് സംവിധാനങ്ങള്‍ ഉൾപ്പടെയുള്ള ഏജൻസികളുടെ അന്വേഷണം പൂർത്തിയാകുന്ന സാഹചര്യത്തില്‍ മാത്രമേ അപകട കാരണവും വാഹനത്തിനുള്ളിൽ തീ പടരാനുള്ള സാഹചര്യവും കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. മോട്ടോർ വാഹന വകുപ്പിന്‍റെയും ഫോറൻസിക്കിന്‍റെയും കണ്ടെത്തൽ എന്ന പേരിൽ പുറത്തുവന്ന വാർത്തയ്‌ക്കെതിരെ മരിച്ചവരുടെ കുടുംബം രംഗത്തെത്തിയിരുന്നു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ പ്രജിത്, പൂര്‍ണഗര്‍ഭിണിയായ റീഷ എന്നിവര്‍ക്കാണ് ജീവഹാനിയുണ്ടായത്.