കണ്ണൂര്‍/കോഴിക്കോട്: ട്രെയിന്‍ തീവയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കേരളത്തിലെത്തിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രതിയുമായുള്ള കേരള പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്തെത്തിയത്. കോഴിക്കോട് മാലൂര്‍കുന്ന് പൊലീസ് ക്യാമ്പിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്.
ഇന്നലെ മഹാരാഷ്‌ട്ര എടിഎസാണ് ഷാരൂഖിനെ പിടികൂടിയത്. പിന്നാലെ ഉച്ചയോടെ കേരളത്തില്‍ നിന്നുള്ള സംഘം അവിടേക്ക് യാത്ര തിരിക്കുകയായിരുന്നു.
നാടകീയമായ യാത്ര: മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ നിന്നും ഇന്നലെ ഷാരൂഖ് സെയ്‌ഫിയുമായി പുറപ്പെട്ട അന്വേഷണ സംഘം ഇന്നോവ കാറിലായിരുന്നു കര്‍ണാടക വരെയെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം കാസര്‍കോട് വഴി കണ്ണൂരിലെത്തി. പ്രതിയുമായി തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള യാത്ര ഏറെ നാടകീയമായിരുന്നു.
കണ്ണൂരില്‍ നിന്ന് പ്രതിയുമായി സഞ്ചരിച്ച വാഹനം കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മേലൂരിൽ വച്ച് വാഹനത്തിന്‍റെ പിന്നിലെ ടയര്‍ പഞ്ചറായി. KL 14 Y 7777 ഫോർട്യൂണർ കാറിന്‍റെ ടയർ തീർത്തും ഉപയോഗ ശൂന്യമാകുകയായിരുന്നു. ഇതോടെ അന്വേഷണ സംഘവും പ്രതിയും പെരുവഴിയിലായി.
പുലർച്ചെ 3.30 മുതൽ ഏതാണ്ട് ഒരു മണിക്കൂറോളം പ്രതി റോഡിൽ വാഹനത്തിൽ മുഖം മറച്ചു കിടന്നു. വാഹനത്തിന്‍റെ പിന്നിലെ സീറ്റിലായിരുന്നു ഷാരൂഖ്. ഇതിനിടെ തുടർ യാത്രക്ക് എടക്കാട് പൊലീസിന്‍റെ സഹായവും അന്വേഷണ സംഘം തേടി.
ഇവരുടെ തുടര്‍യാത്രയ്‌ക്കായി അവിടെ നിന്നും ബൊലേറൊ വാഹനം എത്തിച്ചിരുന്നു. എന്നാല്‍ ഇതും സ്റ്റാര്‍ട്ട് ആകാത്ത സാഹചര്യമുണ്ടായി. തുടർന്ന്, കണ്ണൂർ കാടാച്ചിറയിൽ നിന്ന് 'എൽ' ബോർഡ് വച്ച വാഗണർ കാറിലാണ് പ്രതിയെ കോഴിക്കോട്ടേക്ക് എത്തിച്ചത്.
രാവിലെ 6.15 ഓടെയാണ് പ്രതിയുമായുള്ള അന്വേഷണ സംഘം മാലൂർകുന്നിലെ പൊലീസ് ക്യാമ്പിൽ എത്തിയത്. കോഴിക്കോട് എത്തിച്ച പ്രതിയെ ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. ഷാരൂഖ് സെയ്‌ഫിയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷമായിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക.
Also Read: വിനയായത് രണ്ടാം ഫോൺ; ഷഹറൂഖിനെ കേരള പൊലീസിന് കൈമാറി, എൻഐഎ വരെ ഇടപെട്ട കേസിന്‍റെ അന്വേഷണ വഴിയിങ്ങനെ
ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പതരയ്ക്കായിരുന്നു തീവണ്ടിയില്‍ തീവയ്‌പ്പുണ്ടായത്. ആക്രമണം നടത്തിയതിന് പിന്നാലെ ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് പിടികൂടാന്‍ സാധിച്ചത്. റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ നിന്ന് ലഭിച്ച നോട്ടുപുസ്‌തകം, ഫോണ്‍ എന്നിവയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ അന്വേഷണം.
ആക്രമണം നടന്നതിന് പിന്നാലെ പ്രതിയുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും സമീപത്തെ ആശുപത്രികളിലും ഇയാളെ കണ്ടെത്താനായി നിരീക്ഷണം ശക്തമാക്കുകയും ചെയ്‌തു. ഇതിനിടെയാണ് മഹാരാഷ്‌ട്ര രത്‌നഗിരി സ്റ്റേഷന് സമീപത്തെ ആശുപത്രിയില്‍ പൊള്ളലേറ്റ നിലയില്‍ ഒരാള്‍ ചികിത്സയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അവിടെ മഹാരാഷ്‌ട്ര എടിഎസും കേന്ദ്ര ഇന്‍റലിജന്‍സ് സംഘവും ചേര്‍ന്ന് പരിശോധന നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.