കണ്ണൂർ : പയ്യന്നൂർ കോറോം മുച്ചിലോട്ട് കാവിൽ പെരുങ്കളിയാട്ടത്തിന്‍റെ ആരവമുയർന്നു. 2023 ഫെബ്രുവരി നാല് മുതൽ ഏഴ് വരെയാണ് പെരുങ്കളിയാട്ടം നടക്കുന്നത്. പെരുങ്കളിയാട്ടത്തിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായുള്ള ഓലമെടയൽ തകൃതിയായി നടക്കുകയാണ്.
കലവറയും കന്നിക്കലവറയും നിർമിക്കുന്നതിനാണ് പ്രധാനമായും ഓലകൾ ഉപയോഗിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്നും കൊണ്ടുവരുന്ന പച്ച തെങ്ങോലകൾ പുരുഷൻമാർ വെട്ടിയൊരുക്കി മെടയുന്നതിനുളള പരുവത്തിലാക്കുന്നു. മുച്ചിലോട്ടെ ക്ഷേത്രത്തിന് ചുറ്റുമുള്ള ആൽമരത്തണലുകളിൽ ഇരുന്നാണ് സ്‌ത്രീകൾ ഓല മെടയുന്നത്.
പതിനായിരക്കണക്കിന് മെടഞ്ഞ ഓലകളാണ് ഇക്കുറി കളിയാട്ടത്തിനായി ഒരുക്കുക. പെരുങ്കളിയാട്ടത്തിന് കന്നിക്കലവറയും കലവറയും ഒരുക്കാനാണ് ഓലകൾ വേണ്ടത്. ക്ഷേത്രക്കുളത്തിന് ചുറ്റും മറ കെട്ടുന്നതും തെയ്യങ്ങളുടെ അറകൾ കെട്ടുന്നതും ഓലകൾ കൊണ്ടുതന്നെയാണ്.
പ്രായമായവർ പലരും നാല് കളിയാട്ടങ്ങളെങ്കിലും കണ്ടവരാണ്. ചമയങ്ങളും ഒരുക്കങ്ങളുമെല്ലാം അൽപം മാറിയെങ്കിലും ഓലപ്പണി മാത്രം അന്നും ഇന്നും ഒരേ രീതിയിൽ തന്നെ തുടരുന്നു.