കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരിയുടെ അനുസ്‌മരണ യോഗത്തില്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഇന്ന് (ഒക്‌ടോബര്‍ മൂന്ന്) വൈകിട്ട് കോടിയേരി ബാലകൃഷ്‌ണൻ നടന്ന അനുസ്‌മരണ യോഗത്തിലാണ് പിണറായി വികാരാധീനനായി തൊണ്ടയിടറി പ്രസംഗം അവസാനിപ്പിച്ചത്.
'സിപിഎമ്മിന് താങ്ങാനാവാത്ത നഷ്‌ടമാണിത്. എല്ലാ പാര്‍ട്ടികളിലെയും പ്രതിനിനിധികള്‍ പക്ഷഭേദമില്ലാതെ അനുശോചിക്കാന്‍ എത്തി. പെട്ടെന്നു പരിഹരിക്കാന്‍ പറ്റുന്ന ഒന്നല്ല ഈ നഷ്‌ടം. സഖാക്കളുടെ വിടവാങ്ങല്‍ ഞങ്ങൾ ഒറ്റക്കെട്ടായി നേരിടുകയാണ് ചെയ്യുന്നത്, എന്നാല്‍ ഇത് അങ്ങനെയല്ല' എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രി വിങ്ങിപ്പൊട്ടിയത്. ഉടൻ തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്‌മരണ പ്രസംഗം ആരംഭിച്ചു.
ഇന്നലെ (ഒക്‌ടോബര്‍ രണ്ട്) ഏഴ് മണിക്കൂറോളം തലശേരി ടൗൺഹാളില്‍ പൊതുദർശത്തിന് വെച്ച കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹത്തിന് മുന്നില്‍ ഏഴ് മണിക്കൂറോളം ഒറ്റയിരുപ്പില്‍ ഇരുന്ന പിണറായി വിജയൻ ഇന്ന് (ഒക്‌ടോബര്‍ മൂന്ന്) മൃതദേഹത്തിനൊപ്പം കാല്‍നടയായി കണ്ണൂർ സിപിഎം ജില്ലകമ്മിറ്റി ഓഫിസില്‍ നിന്ന് പയ്യാമ്പലം വരെ സഞ്ചരിച്ചിരുന്നു.
കോടിയേരിയുടെ മൃതദേഹം ചിതയിലേക്ക് പിണറായിയും യെച്ചൂരിയും ചേർന്നാണ് തോളിലേറ്റി എടുത്തതും. ദശാബ്‌ദങ്ങൾ നീണ്ടുനിന്ന സൗഹൃദമാണ് കോടിയേരിയും പിണറായിയും തമ്മിലുണ്ടായിരുന്നത്.