കണ്ണൂർ: പ്ലസ്‌ടു കോഴ കേസിൽ കെ.എം ഷാജി എംഎൽഎയെ വിജിലൻസ് അടുത്തയാഴ്‌ച ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് കെ.എം ഷാജിക്ക് ഉടൻ നോട്ടീസ് നൽകുമെന്ന് വിജിലൻസ് അറിയിച്ചു. അഴീക്കോട് സ്‌കൂളിന് പ്ലസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് കാണിച്ച് വിജിലൻസ് പ്രഥമ അന്വേഷണ റിപ്പോർട്ട് തലശ്ശേരി കോടതിയിൽ സമർപ്പിച്ചിരുന്നു.
2014ൽ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്‌ടു അനുവദിക്കാൻ കെ.എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച പരാതിയിലാണ് കേസെടുത്തത്. 2017 സെപ്‌റ്റംബറിലാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന കെ. പദ്‌മനാഭൻ സംഭവത്തിൽ വിജിലൻസിനെ സമീപിച്ചത്.