കണ്ണൂർ: അവശ്യസാധന വിതരണത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻ്റർ സജീവം. നഗരപരിധിയിലുള്ളവർക്ക് അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച സെൻ്ററിൽ ഇതിനകം ആയിരത്തിലധികം കോളുകളെത്തി. ഇതോടെ പുതിയ സംവിധാനം ജില്ലയിലുടനീളം വ്യാപിപ്പിക്കാനാണ് തീരുമാനം.
അവശ്യ സാധനവിതരണത്തിന് ജില്ല പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് ആരംഭിച്ച സംവിധാനമാണ് 'അക്വ ഗ്രീൻ'. സാധനങ്ങളുടെ പട്ടിക നൽകിയാൽ വൈകാതെ സാധനങ്ങൾ ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തും. ലോക്ക് ഡൗണിനെ തുടർന്ന് സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയാണ് പദ്ധതി കൊണ്ടുള്ള പ്രധാന ലക്ഷ്യം. രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ചുവരെയാണ് കോൾ സെൻ്ററിൻ്റെ പ്രവർത്തന സമയം. സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നതിന് പ്രത്യേക സർവീസ് ചാർജ് ഈടാക്കുന്നില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.സുമേഷ് പറഞ്ഞു.
ഗ്രാമങ്ങളിലുളളവർ ആവശ്യപ്പെടുകയാണെങ്കിൽ ആ വിവരങ്ങൾ കുടുംബശ്രീക്ക് കൈമാറി അവർ മുഖേന അവശ്യ
വസ്‌തുക്കൾ വീടുകളിലെത്തിക്കും. പാകം ചെയ്ത ഭക്ഷണത്തിന് ആവശ്യം വരികയാണെങ്കിൽ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചൻ സെൻ്ററിനെ വിവരമറിയിച്ച് ഭക്ഷണം ലഭ്യമാക്കും. ആവശ്യക്കാർക്ക് 9400066016, 9400066017, 9400066018, 9400066019 , 9400066020 എന്നീ നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്.