കണ്ണൂർ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ കണ്ണൂർ പയ്യന്നൂരിലെ ഗാന്ധിപാർക്ക് ശോചനീയാവസ്ഥയിൽ. ഗാന്ധിപാർക്കിലെ വിളക്കുകൾ അണഞ്ഞ് തുടങ്ങിയിട്ട് കാലങ്ങളേറെയായി. ആവശ്യത്തിന് മെയിന്‍റനൻസ് വർക്കുകൾ നടത്താത്തതും, അധികൃതർ കാട്ടുന്ന അലംഭാവവുമാണ് പാർക്കിന്‍റെ ഈ ദുരവസ്ഥയ്‌ക്ക് കാരണം.
പയ്യന്നൂർ നഗരത്തിലെ പ്രധാന ലാൻഡ്‌മാർക്കുകളിൽ ഒന്നാണ് ഗാന്ധിപാർക്ക്. വൈകുന്നേരമായാൽ പാർക്കിൽ എത്തി കുറച്ചുനേരം വിശ്രമിക്കണം എന്നു കരുതി പോകുന്നവർക്ക് കൂടെ ഒരു ടോർച്ചും കൂടെ കരുതേണ്ട അവസ്ഥയാണ്. അധികൃതരുടെ അനാസ്ഥയുടെയും, കെടുകാര്യസ്ഥതയുടെയും മറ്റൊരു രക്തസാക്ഷിയായി മാറുകയാണ് ഗാന്ധിപാർക്ക്.
ആവശ്യത്തിന് വിളക്കുകളോ, സിസിടിവി ക്യാമറ സൗകര്യമോ ഇല്ലാത്തതുകൊണ്ട് പരസ്യ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും പാർക്കിൽ പതിവാണെന്നാണ് ഐഎൻടിയുസി പയ്യന്നൂർ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി പി രാമകൃഷ്‌ണൻ പറഞ്ഞു. പാർക്കിലെ വിളക്കുകാലിൽ പലതും ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് നേരെ സ്ഥിതി ചെയ്യുന്ന വിളക്ക് മാത്രമാണ് നിലവിൽ പ്രകാശിക്കുന്നത്.
ഇവിടെ സ്ഥിതി ചെയ്യുന്ന കുട്ടികളുടെ പാർക്കിൽ പോലും വെളിച്ചമില്ല. പാർക്കിലെ പല വിനോദ ഉപകരണങ്ങളും തുരുമ്പെടുത്ത നിലയിലാണ്. ജോലി കഴിഞ്ഞ് വൈകിട്ട് അല്‌പനേരം കുടുംബത്തോടൊപ്പം ചിലവഴിക്കാം എന്ന് കരുതി പാർക്കിൽ എത്തുന്നവർ നിലവിലെ ദുരവസ്ഥ കണ്ട് മടങ്ങുകയാണ് പതിവ്.