കണ്ണൂർ: കൊവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും തുടർന്നു വന്ന ലോക്ക്‌ഡൗണും കനത്ത പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്‌ടിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് സാധാരണ ജനങ്ങളെയാണ്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തി കൂലിവേല ചെയ്‌ത് ഉപജീവനം നടത്തുന്നവരുടെ ജീവിതവും ഇപ്പോള്‍ ദുഷ്കരമാണ്.
തമിഴ്‌നാട്ടിൽ നിന്നും നല്ലയൊരു ജീവിതം സ്വപ്‌നം കണ്ട് വന്നവർ ഇപ്പോൾ ജോലിയൊന്നും ഇല്ലാതെ പെരുവഴിയിൽ ആയ അവസ്ഥയാണ്. തമിഴ്‌നാട്ടിലെ സേലം, കിള്ളിക്കുറുച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തൊഴിൽ തേടി എത്തിയവരാണ് ഇവരിൽ ഭൂരിഭാഗം പേരും. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വീടുകളും ലൈൻ മുറികളും വാടകയ്‌ക്കെടുത്താണ് ഇവർ താമസിക്കുന്നത്. കൂലിപ്പണി മാത്രമാണ് ഇവർക്ക് ആകെ വശമുള്ളത്. അതിനാൽ അതിരാവിലെ തന്നെ ഇവർ കൂലിവേലക്ക് ആളെ അന്വേഷിച്ചെത്തുന്ന മേസ്‌തിരിമാരെ കാത്ത് തലശ്ശേരി ടി.സി മുക്കിലെ പഴശ്ശിരാജ പാർക്കിന് സമീപമെത്തും.
നിർമാണ മേഖലകളിലേക്കും വീടുകളിലെ പറമ്പുകളിലെ ചെറിയ പണികൾക്കുമാണ് ഇവരെ കൊണ്ടു പോകുക. തൊഴിലുടമയുമായി കരാർ ഉറപ്പിച്ച മേസ്‌തിരിമാർ അവരുടെ കമ്മിഷൻ എടുത്തതിന് ശേഷം ബാക്കി വരുന്ന തുകയാണ് കൂലിയായി നൽകുക. അത്യാവശ്യം ജീവിക്കാനുള്ള വക കൂലിയായി കിട്ടും. സാധാരണ ദിവസങ്ങളിൽ മേസ്‌തിരിമാർ ഈ പാർക്കിനടുത്ത് ഇവരെ കാത്തിരിപ്പുണ്ടാകും. അവിടെ നിന്ന് ഇവർ ജോലിക്ക് പോകുകയുമായിരുന്നു പതിവ്. എന്നാൽ കൊവിഡും മഴയും ഇവരുടെ ജീവിതത്തിന്‍റെ വഴിമുടക്കികളായി മാറി.
തൊഴിലിടങ്ങളിൽ ജോലി നിർത്തി വച്ചതോടെ മേസ്‌തിരിമാരുടെ വരവ് കുറഞ്ഞു. കൂലിവേല ചെയ്‌ത് ജീവിതം മുന്നോട്ട് കൊണ്ടു പോയ പാവം തൊഴിലാളികളുടെ പതിവുകൾ എല്ലാം മാറി മറിഞ്ഞു. ഈ പ്രതിസന്ധികളുടെ കാലത്ത് വേദനകളും പരിഭവങ്ങളും നിറഞ്ഞ ജീവിതവുമായി മുന്നോട്ട് നീങ്ങുന്നവരുടെ നേർക്കാഴ്‌ചയാണ് നമുക്ക് ഇവരിലൂടെ കാണാൻ കഴിയുന്നത്.