കണ്ണൂർ: ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർഥികൾ പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നത് സിപിഎമ്മിൽ പതിവില്ല. എന്നാൽ പാർട്ടി പ്രഖ്യാപനത്തിന് മുന്നേ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്ത് പ്രചാരണം ആരംഭിക്കുകയാണ്. ഇന്ന് മുതൽ മാർച്ച് 16 വരെയാണ് പിണറായിയുടെ മണ്ഡല പര്യടനം.
ഇന്ന് മുതൽ തുടർച്ചയായ ഒൻപത് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിൽ ഉണ്ടാവും. വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പിണറായിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് അണികളുടെ തീരുമാനം. വിമാനത്താവളം മുതൽ പിണറായി വരെ 18 കിലോമീറ്റർ ദൂരം റോഡ് ഷോക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ചൊവ്വാഴച്ച മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 10 മണി മുതൽ മണ്ഡല പര്യടനം ആരംഭിക്കും. 7 ദിവസം നീളുന്ന പര്യടന പരിപാടിയിൽ 46 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഈ മാസം 16വരെ നീളുന്ന പ്രചരണ പരിപാടിക്കിടെ നാമനിർദേശ പത്രിക സമർപ്പിച്ച് മറ്റു മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും അദ്ദേഹം പങ്കെടുക്കും.