കണ്ണൂർ: ഉത്തരമലബാറിലെ ചില ക്ഷേത്രങ്ങളിൽ കതിവന്നൂർ വീരൻ തെയ്യം കെട്ടിയാടുമ്പോൾ അത് ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. മലയാളത്താൻമാരെ പടവെട്ടി വീഴ്ത്താൻ വന്ന കുടക് പടയെ തോൽപിച്ച മന്ദപ്പൻ എന്ന മനുഷ്യൻ ചതിയിൽപെട്ട് മരണത്തിന് കീഴയടങ്ങിയ ശേഷം ദൈവകരുവായി പുനർജനിച്ചു എന്നാണ് കതിവന്നൂർ വീരൻ തെയ്യത്തിന്‍റെ ഐതിഹ്യം.
ഉത്തരമലബാറിലെ തെയ്യകോലങ്ങളിൽ ഇത്രയധികം കായികമായി പ്രകടനം കാഴിച്ചവെക്കുന്ന തെയ്യം വെറെ ഉണ്ടാകാനിടയില്ല. കായിക പ്രകടനത്തോടൊപ്പം നാല് മണിക്കൂറിലധികം നീണ്ടു നിൽകുന്ന തോറ്റവും കതിവന്നൂർ വീരന്റെ പ്രത്യേകതയാണ്. നിരവധി കതിവന്നൂർ വീരൻ ക്ഷേത്രങ്ങൾ മലബാറിലുണ്ട്. ശാരീരികമായി ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് കതിവന്നൂർ വീരൻ തെയ്യം. പയറ്റടക്കം ചടങ്ങുകളിൽ എല്ലാം ശരീരം കൊണ്ടുള്ള അഭ്യാസമാണ്. ചെമ്മരത്തിയുടെ ശാപവാക്കുകൾ സത്യമായി മാറിയപ്പോൾ ശരമേറ്റ് ചിന്നി ചിതറി വീണ മന്ദപ്പന്‍റെ എരിയുന്ന ചിതയിലേക്ക് ചെമ്മരത്തി എടുത്തു ചാടി. ഇതിന്‍റെ പ്രതീകമായി ഒരുക്കുന്ന ചെമ്മരത്തി തറയ്ക്കു മുന്നിൽ ഭക്തർക്ക് അനുഗ്രഹം ചൊരിയുകയാണ് കതിവന്നൂർ വീരൻ തെയ്യം.