കണ്ണൂർ: കേരളത്തില്‍ എത്ര ജില്ലകളുണ്ടെന്ന് മൂന്ന് വയസുകാരി അക്ഷരയോട് ചോദിച്ചാല്‍ ഉത്തരം ഇംഗ്ലീഷില്‍ റെഡി.. തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള ജില്ലകളുടെ പേര് ക്രമം തെറ്റാതെ പറയും. കൊറോണ ഏത് രാജ്യത്താണ് ആദ്യം വന്നതെന്ന് ചോദിച്ചാല്‍ ചൈനയെന്ന് മാത്രമല്ല, ആദ്യം രോഗം റിപ്പോർട്ട് ചെയ്ത വുഹാൻ പോലും കിറുകൃത്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും മുഖ്യമന്ത്രി പിണറായി വിജയനും മാത്രമല്ല, ആരോഗ്യമന്ത്രി കെകെ ശൈലജയും വരെ കുഞ്ഞു മനസില്‍ കാണാപാഠം. രാഷ്ട്ര ഭാഷ ഹിന്ദിയും ദേശീയ ഗാനം ജനഗണമനയും അക്ഷരയ്ക്ക് മന:പാഠം. അമേരിക്കൻ പ്രസിഡന്‍റ് ട്രംപാണെന്നും ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയാണെന്നും അക്ഷരയ്ക്ക് സംശയമില്ല. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ കളിച്ച് മടുത്തപ്പോഴാണ് ഇനി കുറച്ച് പൊതുവിജ്ഞാനം ആകാമെന്ന് തോന്നിയത്. കടമ്പൂർ സ്‌കൂളിലെ അധ്യാപികയായ അമ്മ അശ്വതി പറഞ്ഞു കൊടുത്തതെല്ലാം അക്ഷരയ്ക്ക് ഹൃദിസ്ഥം. അമ്മയുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നല്‍കുന്ന കണ്ണൂർ പള്ളിക്കുളം സ്വദേശി അഭിലാഷ് പി. ജോൺ-അശ്വതി ദമ്പതികളുടെ മകളായ അക്ഷരക്കുട്ടി ഇപ്പോൾ സോഷ്യല്‍ മീഡിയയിലും താരമാണ്. നേരത്തെ കൊവിഡ് കാലത്തെ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് മൂന്നു വയസുകാരി അക്ഷര വിശദീകരിക്കുന്ന ദൃശത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. കൊറോണക്കാലത്ത് ആരും വീടിന് പുറത്തിറങ്ങരുതെന്നും മാസ്ക് ഉപയോഗിക്കണമെന്നും പുറത്തു നിന്ന് വരുന്നവർ കുളിച്ച് വ്യക്തി ശുചിത്വം പാലിക്കണമെന്നും അക്ഷര പറയുമ്പോൾ ആരും അനുസരിച്ച് പോകും. കൊറോണയെ ഇടിച്ച് പഞ്ചറാക്കാമെന്ന് പറഞ്ഞാണ് അക്ഷര വീഡിയോ അവസാനിപ്പിക്കുന്നത്.