കണ്ണൂർ: കുഞ്ഞിമംഗലത്ത് യുവതിയുടെ മുഖത്ത് കീടനാശിനി സ്പ്രേ ചെയ്‌ത് മാലയും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കുഞ്ഞിമംഗലത്തിനടുത്ത് ചെമ്പല്ലിക്കുണ്ടിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി കെ.വി പ്രമോദ് ആണ് അറസ്റ്റിലായത്.
സെപ്‌റ്റംബർ 12 തിങ്കളാഴ്‌ച രാവിലെ 10.30ഓടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. കുഞ്ഞിമംഗലം റെയിൽവേ സ്റ്റേഷനു സമീപത്തെ സഞ്ജന മിനി ഷോപ്പുടമയായ സൗമ്യയുടെ മുഖത്താണ് പ്രതി പാറ്റകളെയും മറ്റും കൊല്ലാനുപയോഗിക്കുന്ന സ്പ്രേയടിച്ച ശേഷം സ്വർണമാലയും പണവും തട്ടിയെടുത്തത്. ഒന്നര വയസുള്ള കുട്ടിയ്ക്ക് തുണിയെടുക്കാനെന്ന വ്യാജേന സൈക്കിളിൽ ഷോപ്പിൽ എത്തിയ മോഷ്‌ടാവ് സൗമ്യയുടെ മുഖത്ത് പലതവണ സ്‌പ്രേ അടിച്ചു.
തുടർന്ന് തളർന്നു വീണ സൗമ്യയുടെ കഴുത്തിൽ നിന്നും രണ്ടു പവൻ വരുന്ന സ്വർണമാലയും കൈയിലെ മുക്കുപണ്ടമായ വളകളും, പേഴ്‌സിൽ ഉണ്ടായിരുന്ന 1500 രൂപയും തട്ടിയെടുത്തു. തുടർന്ന് ഇയാൾ സൈക്കിളിൽ തന്നെ രക്ഷപ്പെട്ടു. സംഭവ സമയം സമീപത്തെ കടകൾ തുറന്നിരുന്നില്ല.
യുവതിയുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിയെടുത്ത സ്വർണമാല ഇയാൾ വയലപ്രയിലെ ഒരു ബാങ്കിൽ പണയം വച്ചതാണ് പൊലീസിന് തുമ്പായത്. റോഡരികിലെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
യുവതിയുടെ മുഖത്തടിച്ച സ്പ്രേയും പൊലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് നിരപരാധിയായ ഒരാളുടെ ഫോട്ടോ ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്‌തു.
Read more: മുഖത്ത് സ്‌പ്രേ അടിച്ചതിന് ശേഷം മോഷണം: കടയുടമയിൽ നിന്ന് സ്വർണവും പണവും കവർന്നു