കണ്ണൂർ: നൂറ്റിയമ്പതാം വാർഷികം ആഘോഷിച്ച തലശ്ശേരി നഗരസഭയ്ക്ക് കാത്തിരിപ്പിനൊടുവിൽ അത്യാധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയം വരുന്നു. മൂന്നേകാൽ കോടി രൂപ ചിലവിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. നിർമാണപ്രവൃത്തികളുടെ ഉദ്ഘാടനം ഈ മാസം 15ന് നടക്കും.
കെട്ടിടം പണിയുന്നതിനായുള്ള സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റി. താഴെ നിലയിൽ സെക്രട്ടറി, ജനറൽ സെക്ഷൻ, ജനസേവന കേന്ദ്രം, കാൻറീൻ എന്നിവയുണ്ടാകും. രണ്ടാം നിലയിൽ ചെയർമാൻ, വൈസ് ചെയർമാൻ, കൗൺസിലർമാർ എന്നിവർക്കുള്ള മുറികളും മൂന്നാം നിലയിൽ കൗൺസിൽ ഹാൾ, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എന്നിവയും ഒരുക്കും. പ്രധാന ബ്ലോക്കിന്റെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. 15 വർഷം മുമ്പ് ഓഫീസിന് തറക്കല്ലിട്ടെങ്കിലും പിന്നീട് പുരാവസ്തു വകുപ്പിന്റെ തടസവാദത്തെ തുടർന്ന് നിർമാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇപ്പോൾ പുരാവസ്തുവകുപ്പിന്റെ അനുവാദവും ലഭിച്ചു.