കണ്ണൂർ : മഴക്കാലം അടുത്തതോടെ പകർച്ചവ്യാധി ഭീതിയിലാണ് തളിപ്പറമ്പ് നിവാസികള്‍. മാർക്കറ്റിനുള്ളിലെ അറവ് മാലിന്യം സംസ്‌കരിക്കാതെ തള്ളുന്നതാണ് ആശങ്കയ്ക്ക് കാരണം. മാർക്കറ്റ് പരിസരത്തെ പറമ്പിൽ തള്ളിയ, മൃഗങ്ങളുടെ ആന്തരാവയവങ്ങളുൾപ്പെടെ പുഴുവരിച്ച് ദുർഗന്ധം പരക്കുകയാണ്. മൂന്ന് വർഷം മുൻപ് ഇതേ പ്രശ്‌നം വലിയ വിവാദമായിരുന്നു. നഗരസഭയ്ക്ക് സ്വന്തമായി മാർക്കറ്റില്ലാത്തതിനാൽ അവരുടെ ശുചീകരണ തൊഴിലാളികൾ ഇവിടേക്കെത്താറില്ല.
Also Read: മയ്യിലിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; പ്രതി കീഴടങ്ങി
ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. മാർക്കറ്റ് നഗരസഭയ്ക്ക് വിട്ടുനൽകാൻ നേരത്തെ പള്ളികമ്മിറ്റി തയ്യാറായെങ്കിലും വഖഫ് ബോർഡിന്‍റെ എതിർപ്പാണ് നീക്കം തടസപ്പെടുത്തിയത്. വ്യാപാരികളടക്കം പരാതി നൽകിയെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ലെന്നാണ് ആരോപണം.
Also Read: കുട്ടികളിലും രക്ഷിതാക്കളിലും ആവേശം നിറച്ച് ഓൺലൈൻ പ്രവേശനോത്സവം
ഇവിടെ നിന്നും മാലിന്യം കലർന്ന വെള്ളമാണ് പാളയാട് തോട് വഴി കീഴാറ്റൂർ പ്രദേശങ്ങളിൽ എത്തിച്ചേരുന്നത്. മഴക്കാലത്തിന് മുൻപ് ഇതിനൊരു പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ വലിയ രീതിയിൽ സാംക്രമിക രോഗങ്ങൾ പടരാൻ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ മാലിന്യ സംസ്കരണത്തിന് അടിയന്തര നടപടി വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.