കണ്ണൂർ : ഔഷധ ഗുണമുള്ളതും ആവശ്യക്കാർ ഏറെയുള്ളതുമായ മുളകിനമാണ് കാന്താരി. ഇതിന്‍റെ വിപണി സാധ്യത മനസിലാക്കി വിപുലമായ രീതിയിൽ കൃഷി ചെയ്യുകയാണ് കണ്ണൂർ കതിരൂരിലെ ഹരിതം കർഷക കൂട്ടായ്‌മ.
കതിരൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിതം കൂട്ടായ്മയ്ക്ക് മികച്ച വിളവാണ് ലഭിക്കുന്നത്. ഇത് ഇവര്‍ക്ക് മികച്ച സാമ്പത്തിക നേട്ടവും സമ്മാനിക്കുന്നു. കതിരൂർ ടൗണിനടുത്തുള്ള ഒന്നര ഏക്കറിലാണ് കൃഷി.
ഹരിതം സംഘത്തിലെ ഇരുപതോളം പേരാണ് കൃഷിയിറക്കിയത്. ദിനംപ്രതിയുള്ള പരിചരണമോ കൂടുതൽ മുതൽ മുടക്കോ ഇല്ലാതെ തന്നെ മികച്ച നേട്ടം കൊയ്തെടുക്കാം എന്നത് ഈ വിളയുടെ പ്രത്യേകതയാണ്.
ആവശ്യക്കാർ ഏറെയുള്ളതിനാൽ വിപണി അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടതുമില്ല. ഇപ്പോൾ എറണാകുളം ജില്ലയിൽ ഉൾപ്പെടെ കാന്താരി വിറ്റഴിക്കാൻ തുടങ്ങിയതായും കർഷകർ സാക്ഷ്യപ്പെടുത്തുന്നു.