കണ്ണൂർ : സ്വാതന്ത്ര്യസമര പോരാട്ടത്തിന്‍റെ ഓർമകൾക്ക് കണ്ണൂർ സബ് ജയിലിന്‍റെ മതിലുകളിൽ ജീവൻ നൽകിയിരിക്കുകയാണ് ലളിതകലാ അക്കാദമി. ഉത്തരമലബാറിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്താളുകളിൽ മായാതെ കിടക്കുന്ന ഓർമ ചിത്രങ്ങളെയാണ് അക്രിലിക് ചായക്കൂട്ടുകൾ കൊണ്ട് കലാകാരര്‍ പുനരാവിഷ്‌കരിച്ചത്.
ജന്മിത്വത്തിന്‍റെ തേർവാഴ്‌ചയ്‌ക്കെതിരെ കരിവെള്ളൂരിൽ നടന്ന കർഷക സമരം, എ കെ ജിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥ, കെ കേളപ്പന്‍റെ നേതൃത്വത്തിൽ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നടന്ന ഉപ്പ് സത്യാഗ്രഹ യാത്ര, ചരിത്ര പ്രസിദ്ധമായ പയ്യന്നൂരിലെ നാലാം രാഷ്ട്രീയ സമ്മേളനം, പഴശ്ശി പോരാട്ടങ്ങൾ, തുടങ്ങിയ സമര സ്‌മൃതി ചിത്രങ്ങൾക്കൊപ്പം മഹാത്മാഗാന്ധിക്ക് തന്‍റെ ആഭരണങ്ങൾ ഊരിനൽകിയ കൗമുദി ടീച്ചറും ജീവൻ തുടിക്കുന്ന ഓര്‍മയായി ഈ ചുമരുകളിലുണ്ട്.
സ്വാതന്ത്ര്യത്തിന്‍റെ അമൃത വർഷത്തോടനുബന്ധിച്ചുള്ള ലളിതകലാ അക്കാദമി പരിപാടികളുടെ തുടർച്ചയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എബി എൻ ജോസഫിന്‍റെ നേതൃത്വത്തിൽ കലേഷ് കല, നാസർ ചപ്പാരപ്പടവ്, മഹേഷ് മാറോളി, എം പി റവിന, പി കെ ഷീന, സി കെ സുനിൽ, പീറ്റർ, സ്വാതി എസ് മോഹൻ, ബി ശ്രീലക്ഷ്‌മി എന്നിവരാണ് ചിത്രങ്ങൾ വരച്ചത്.