കണ്ണൂർ: ചിത്രരചനയിൽ വിസ്‌മയം തീർക്കുകയാണ് രണ്ടാം ക്ലാസുകാരൻ ആൽവിൻ മുകുന്ദ്. കണ്ണൂർ സെന്‍റ് മൈക്കിൾസ് സ്കൂളിലെ മിന്നും താരം. അഞ്ഞൂറിലേറെ ചിത്രങ്ങളാണ് തോട്ടട കീഴുന്നപാറ സ്വദേശിയായ ഈ കൊച്ചുമിടുക്കൻ ഇതുവരെ വരച്ചു തീർത്തത്.
ഏഴിമല നേവൽ അക്കാദമിയിലെ ജീവനക്കാരനായ ലിജു - ശരണ്യ ദമ്പതികളുടെ ഏകമകനാണ് ആൽവിൻ. രണ്ടര വയസുള്ളപ്പോഴാണ് ആൽവിന്‍റെ ചിത്രങ്ങളോടുള്ള താത്പര്യം മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. അതോടെ ചിത്രങ്ങള്‍ക്കും ആൽവിനും രക്ഷിതാക്കളുടെ പൂർണ പിന്തുണ.
2021 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ 11 താരങ്ങളുടെ ചിത്രം ലൈവായി വരച്ചതോടെ ആൽവിനെ തേടി റെക്കോഡുകളും എത്തി. ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഗ്രാൻഡ് മാസ്റ്റർ തുടങ്ങിയ റെക്കോർഡുകളാണ് ആൽവിനെ തേടിയെത്തിയത്. ചിത്രം വരയോടൊപ്പം, നൃത്തത്തിലും, സംഗീതത്തിലുമെല്ലാം മിടുക്കനായ ആൽവിൻ സ്‌കൂളിലെ കൂട്ടുകാർക്കും അധ്യാപകർക്കും പ്രിയങ്കരനാണ്.
വലിയൊരു ചിത്രകാരനാകണമെന്നാണ് ആൽവിന്‍റെ ആഗ്രഹം. രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ എന്‍റെ കേരളം പരിപാടിയിലും ആൽവിൻ ചിത്രങ്ങൾ നിരത്തി കാണികൾക്കിടയിൽ താരമായി. സംസ്ഥാന സർക്കാരിന്‍റെ പാഠപുസ്‌തകത്തിലെ കവർ ചിത്രങ്ങളിലും ആൽവിന്‍റെ രചനകൾ പതിഞ്ഞിട്ടുണ്ട്.