കണ്ണൂർ: കാപ്പിമലയിൽ ഉരുൾപ്പൊട്ടൽ. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. സമീപ പ്രദേശത്തെ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് രാവിലെ അഞ്ച് മണിയോടെയുണ്ടായ സംഭവത്തില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.
വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന്‍റെ സമീപപ്രദേശം, ആൾത്താമസമില്ലാത്ത മേഖല ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ കരുവാഞ്ചൽ, ആലക്കോട് മേഖലകളിലെ പുഴകൾ കരകവിഞ്ഞു. പ്രദേശത്ത് നിന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തോടുകളും ജലാശയങ്ങളും കരകവിയാൻ സാധ്യത ഉള്ളതിനാൽ, വില്ലേജ് ഓഫിസര്‍ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യമാണുള്ളത്. അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറി. ഈ സാഹചര്യത്തില്‍, രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് നാട്ടുകാരുടെ സഹകരണത്തോടെ 13 വീടുകളില്‍ നിന്ന് 57 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയിലും ബന്ധുവീടുകളിലുമായാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്.
പ്രളയഭീതിയില്‍ പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് നദികളിൽ ജലനിരപ്പ് ഉയർന്നത്തോടെ പ്രളയഭീതിയിലാണ് പത്തനംതിട്ട. മണിമലയാർ കരകവിഞ്ഞൊഴുകുകയും തിരുവല്ലയിലെ വിവിധ മേഖലകളിൽ വെള്ളം കയറുകയുമുണ്ടായി. 12 റോഡുകളിലാണ് വെള്ളം കയറിയത്. മണിമലയാര്‍ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇൻഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി.
READ MORE | മണിമലയാർ കരകവിഞ്ഞൊഴുകി, 12 റോഡുകളില്‍ വെള്ളം കയറി
തിരുവല്ല മുനിസിപ്പാലിറ്റിയിലെ നൂറിലധികം വീടുകളിലും വെള്ളം കയറിയിട്ടുണ്ടെന്നാണ് വിവരം. വേങ്ങൽ മുണ്ടിയപ്പള്ളി കോളനിയിൽ വീടുകൾ വെള്ളത്തിലായി. ഇതുവരെ ജില്ലയിൽ 27 ക്യാമ്പുകളാണ് തുറന്നത്. ഇവിടെ 218 കുടുംബങ്ങളിലെ 710 പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ കൂടുതൽ ക്യാമ്പുകൾ തുറക്കാനാണ് സാധ്യത. മഴയില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പമ്പ, മണിമല നദികളില്‍ കിഴക്കൻ വെള്ളം എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നു.
കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു; വാഹനത്തിലുണ്ടായിരുന്നത് കുട്ടികള്‍: പുതുപ്പള്ളിയിൽ കാർ ഒഴുക്കിൽപ്പെട്ടു. പുതുപ്പള്ളി കൊട്ടാരത്തിൽ കടവിൽ ചൊവ്വാഴ്‌ച (ജൂലൈ നാല്) രാത്രിയിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷിച്ചു. റോഡിന്‍റെ സമീപത്തെ തോട്ടിലേക്ക് വാഹനം മറിയുകയായിരുന്നു. റോഡിൽ വെള്ളം കയറിയെന്നും ഒഴുക്ക് അധികമാണെന്നും നാട്ടുകാർ പറഞ്ഞിട്ടും കാറിലുള്ളവർ കൂട്ടാക്കിയില്ല. ഒഴുക്കിലേക്കിറങ്ങിയ കാർ പെട്ടെന്ന് നിന്നുപോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
READ MORE | ഒഴുക്കിൽപ്പെട്ട കാറിലുണ്ടായിരുന്നത് രണ്ട് കുട്ടികൾ, നാട്ടുകാരുടെ രക്ഷ പ്രവർത്തനം
ഞാലിയാകുഴി സ്വദേശിയും രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. അഗ്നിശമന സേന കാർ ഉയർത്താൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. വാഹനം വടം ഉപയോഗിച്ച് കെട്ടിയിട്ടിരിക്കുകയാണ്. പുതുപ്പള്ളി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ടാണ്. കോട്ടയം അയ്‌മനം ഫാമിലി ഹെൽത്ത് സെന്‍ററിൽ വെള്ളം കയറി. അയ്‌മനം വല്യാട് പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെന്‍ററിലാണ് ഇന്നലെ ഉച്ചയോടെ വെള്ളം കയറിയത്.