കണ്ണൂര്‍: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീച്ച് കണ്ണൂർ എസ്‌പി യതീഷ് ചന്ദ്ര. കണ്ണൂർ അഴീക്കലിലാണ് സർക്കാർ ഉത്തരവ് ലംഘിച്ച മൂന്ന് പേരെ ഏത്തമിടീച്ചത്. അഴീക്കലിലെ ഒരു കടയുടെ മുന്നില്‍ കൂട്ടം കൂടിയിരുന്ന നാട്ടുകാര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് പിടിവീഴുകയായിരുന്നു.
പൊലീസിന് മുന്നിൽ കുടുങ്ങിയവരെ അനുകൂലിച്ച് സംസാരിച്ചവരെയും പൊലീസ് ശകാരിച്ചു. സർക്കാരും പൊലീസും മാധ്യമങ്ങളും പറഞ്ഞത് കേട്ടില്ലെങ്കിൽ ഇങ്ങനെ അനുഭവിക്കേണ്ടിവരുമെന്നും എസ്‌പി മുന്നറിയിപ്പ് നൽകി. ഇനി നിർദേശങ്ങൾ ലംഘിക്കില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരുന്നോളാമെന്നും എഴുതി വാങ്ങിച്ചതിന് ശേഷമാണ് പൊലീസ് ഇവരെ വിട്ടയച്ചത്.