കണ്ണൂര്‍: പയ്യന്നൂർ എഫ്.സി.ഐ ഗോഡൗണിൽ നിന്നുമുള്ള ഭക്ഷ്യധാന്യ വിതരണം നിലച്ചിട്ട് ആറ് ദിവസം. ജൂലൈ 18 മുതൽ ഗോഡൗണിലെ വേബ്രിഡ്‌ജ് (Weighbridge) തകരാറിലായതാണ് കാരണം. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിലേക്കും സിവിൽ സപ്ലൈസ് ഡിപ്പോകളിലേക്കുമുള്ള മുഴുവൻ ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നത് പയ്യന്നൂരില്‍ നിന്നാണ്.
സെർവർ തകരാറുകൾ മൂലവും നിരന്തരം ഇവിടുത്തെ എഫ്.സി.ഐ ഗോഡൗൺ പ്രവർത്തനം നിലയ്‌ക്കാറുണ്ട്. ഏറെ കാലപ്പഴക്കം ചെന്ന വേബ്രിഡ്‌ജ് മാറ്റി പുതിയത് സ്ഥാപിക്കാൻ പല തവണ ലോറി ഉടമകളും തൊഴിലാളികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടായില്ല.
ഭക്ഷ്യധാന്യ വിതരണം നിലയ്‌ക്കുന്നതിനൊപ്പം ജീവനക്കാര്‍ക്ക് തൊഴിൽ നഷ്‌ടം കൂടിയാണ് പ്രതിസന്ധിമൂലം ഉണ്ടാവുന്നത്. തകരാറുമൂലം ലോറികൾ കണ്ടോത്തെ സ്വകാര്യ വേബ്രിഡ്‌ജ് സ്ഥാപനത്തിൽ വന്നാണ് ശനിയാഴ്‌ച(23.07.2022) ഭക്ഷ്യധാന്യങ്ങളുമായി അത്യാവശ്യ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചത്.