കണ്ണൂർ: പാനൂരിലെ പാത്തിപ്പാലത്ത് ഒരു കോടി രൂപയും മയക്കുമരുന്നുകളുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശികളായ നജീബ്, സച്ചിൻ, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെ അറസ്റ്റിലായത്. കാറിൻ്റെ സീറ്റിന് പിറകില്‍ ഒളിപ്പിച്ചാണ് പണവും മയക്കുമരുന്നും കടത്താന്‍ ശ്രമിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു.
2000, 500 നോട്ടുകളുടെ കെട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. 264 മയക്കുഗുളികകൾ, മയക്കുമരുന്ന് വലിക്കാനുപയോഗിക്കുന്ന ട്യൂബുകൾ എന്നിവയും പൊലീസ് പിടികൂടിയിട്ടുണ്ട്. പാനൂർ എഎസ്ഐ രമേശൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.