കണ്ണൂർ : കാർഷിക സംസ്‌കാരത്തിന്‍റെ പഴയകാല ഓർമകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് നെല്ലുകുത്ത് മത്സരം നടന്നു. കർഷകസംഘം കാങ്കോൽ പാനോത്ത് യൂണിറ്റ് സമ്മേളനത്തിന്‍റെ ഭാഗമായാണ് വ്യത്യസ്‌തമായ മത്സര പരിപാടി സംഘടിപ്പിച്ചത്.
വയലുകളിൽ നിന്നും ശേഖരിച്ച് കൊണ്ടുവരുന്ന നെല്ല് പുഴുങ്ങിയ ശേഷം ഉരലിൽ കുത്തി അരിയും പതിരും വേർതിരിച്ചെടുക്കുന്നതായിരുന്നു പഴയകാല രീതി. ഇത് പുതുതലമുറയ്‌ക്കും മനസിലാക്കി നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സംഘാടകർ ഇത്തരം വ്യത്യസ്‌തമായ മത്സര പരിപാടി നടത്തിയത്.
മുന്‍പ് ഉപയോഗിച്ചിരുന്നതും കാലപ്പഴക്കത്തിന്‍റെ പ്രൗഢിയും തനിമയും വിളിച്ചോതുന്ന തരത്തിലുള്ളതുമായ ഉരലും ഉലക്കയും മത്സരത്തിന് ഉപയോഗിച്ചുവെന്നതും ഏറെ ശ്രദ്ധേയമാണ്. ഒരേ വേഗത്തിലും താളത്തിലും ഒത്തൊരുമയോടുകൂടി വിവിധ പ്രായത്തിലുള്ള മത്സരാർഥികൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചപ്പോൾ അത് പഴയ കാല കൂട്ടായ്‌മയുടെ മറ്റൊരു ഓർമപ്പെടുത്തൽ കൂടിയായി.