കണ്ണൂർ : അഫ്‌ഗാനിലെ താലിബാൻ ഭീകരതയെ തുടര്‍ന്നുള്ള അരക്ഷിതാവസ്ഥയില്‍ നിന്ന് നാടിന്‍റെ സ്നേഹത്തണലിലേക്ക് പറന്നിറങ്ങി കണ്ണൂർ സ്വദേശി ദീതിൽ രാജീവ്.
കാബൂളിൽ ലോജിസ്റ്റിക്സ് ബിസിനസ് ചെയ്യുന്ന തലശ്ശേരി ചക്കരാലയത്തിൽ ദീദിൽ എട്ട് മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്.
അഫ്‌ഗാനിസ്ഥാനില്‍ താലിബാൻ തീവ്രവാദികളുടെ ആക്രമണങ്ങളും പിടിച്ചടക്കലും ഭയപ്പാടുള്ള അന്തരീക്ഷവുമായിരുന്നു ദീദിലിനെ കാത്തിരുന്നത്.
താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ദീദിലിനെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിയോടെ ദീദിലുമായി വിമാനം കണ്ണൂരിൽ പറന്നിറങ്ങി.
150 പേർ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും കാബൂളിൽ നിന്ന് രക്ഷപ്പെടാന്‍ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ താലിബാൻ ഭീകരര്‍ തടയുകയും പോകുന്നതിന്‍റെ കാരണം തിരക്കുകയും ചെയ്തെന്നും ദീദിൽ പറയുന്നു.
അഫ്‌ഗാനിൽ ഇനി നല്ല ഭരണം ആയിരിക്കില്ല. അവിടുത്തുകാര്‍ വരെ നാടുവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. എല്ലാവരിലും ആശങ്ക മാത്രമാണ്. ആളുകള്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല.
അഫ്‌ഗാനിലെ രണ്ട് സംസ്ഥാനങ്ങളിൽ നിലവിൽ പ്രതിഷേധം നടക്കുന്നുണ്ട്. പെൺകുട്ടികൾക്ക് അഞ്ച് മണിക്ക് ശേഷം പുറത്തിറങ്ങാൻ അനുവാദമില്ല.
പകൽ സമയങ്ങളിൽ ബുർഖ ധരിച്ചതിന് ശേഷം മാത്രമേ പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കുന്നുള്ളൂവെന്നും ദീദിൽ പറയുന്നു.
കേരള സർക്കാർ തനിക്ക് വേണ്ടി പ്രത്യേക പരിഗണന നൽകിയെന്നും നന്ദിയുണ്ടെന്നും ദീദിൽ അറിയിച്ചു. ഞായറാഴ്‌ചയാണ് ഇന്ത്യക്കാരുമായി കാബൂളിൽ നിന്ന് ആദ്യ വിമാനം ഡൽഹിയിൽ പറന്നിറങ്ങിയത്.