കണ്ണൂർ: ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉത്തർപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. 1,140 പേരാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ലഖ്‌നൗവിലേക്ക് തിരിച്ചത്. ജില്ലയിലെ വിവിധയിടങ്ങളിലെ തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസുകളിലാണ് റെയില്‍വെ സ്റ്റേഷനിലെത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി 50 സീറ്റുകളുള്ള ബസില്‍ 30 പേരുമായിട്ടായിരുന്നു യാത്ര. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ട്രെയിനിലും ഇരിപ്പിടങ്ങള്‍ സജീകരിച്ചത്. 930 രൂപയാണ് ടിക്കറ്റ് നിരക്ക്.
തൊഴിലാളി ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധന നടത്തി, രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ ബസുകളില്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ചത്. തൊഴിലാളികള്‍ക്ക് യാത്രക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,140 അതിഥി തൊഴിലാളികള്‍ ബിഹാറിലേക്ക് മടങ്ങിയിരുന്നു. കൂടാതെ കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനിലും ജില്ലയിലെ 450 തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചിരുന്നു.