കണ്ണൂര്‍: മാഹി നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി മാഹി റീജിയണൽ അഡ്മിനിസ്ടേറ്റർ ശിവ് രാജ് മീണ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയാണ് പോളിങ് സമയം. വൈകുന്നേരം ആറ് മുതൽ ഏഴു വരെ കോവിഡ് ബാധിതർക്കും, രോഗ സംശയമുള്ളവർക്കും വോട്ടു ചെയ്യാം. 16 ഓക്സിലറി ബൂത്തുകളടക്കം 47 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം അവസാന ഘട്ട പ്രചാരണം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് സമാപിക്കും. 40 ബൂത്തുകളിലേക്ക് വോട്ടിങ് മെഷീൻ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും 80 വയസ്സിനു മുകളിലുള്ളവർക്കും അനുവദിച്ച പോസ്റ്റൽ വോട്ടിങ് തെരഞ്ഞെടുത്ത 493 ൽ 470 പേർ വോട്ടു ചെയ്തു.
മൂന്ന് ദിവസത്തേക്ക് മദ്യഷോപ്പുകൾ അടഞ്ഞുകിടക്കും. 31,066 പേരാണ് ആകെയുള്ള വോട്ടർമാർ. ഇതിൽ 14,194 പുരുഷന്മാരും 16,872 സത്രീകളുമുണ്ട്. സുരക്ഷക്കായി പുതുച്ചേരി പൊലീസിനു പുറമേ ബി.എസ്.എഫ് രണ്ട് ബറ്റാലിയനും, ഒരു കമ്പനി ഇൻഡോ-ടിബറ്റൻ അതിർത്തി സേനയും ക്യാമ്പ് ചെയ്യുന്നതായും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.