കണ്ണൂര്‍ : 127 വര്‍ഷത്തെ ചരിത്രമുണ്ട് കൂത്തുപറമ്പ് കിണവക്കിലെ കല്ലു കഫെയ്ക്ക്. അവലിന്‍റെയും കാപ്പിയുടേയും പേരിലാണ് കല്ലു കഫെ പ്രശസ്‌തി നേടിയത്. മുന്‍തലമുറയുടെ ഇഷ്‌ടവിഭവമായ അവല്‍ കല്ലു കഫെയിലെത്തുന്ന പുതുതലമുറയുടേയും ഹരമായി മാറുകയാണ്. എണ്ണയും മസാലയും എരിവും ചേര്‍ത്ത ഭക്ഷണത്തിന് പിന്നാലെ പുതിയ തലമുറയിലെ ഏറെ പേരും പോകുമ്പോള്‍ ഈ പരമ്പരാഗത വിഭവമാണ് കല്ലു കഫെയുടെ പ്രത്യേകത. ഇക്കാരണത്താല്‍ തന്നെ കുത്തുപറമ്പ്- കണ്ണൂര്‍ റോഡില്‍ സഞ്ചരിക്കുന്ന യാത്രികര്‍ കല്ലു കഫെയിലെ അവലും കാപ്പിയും ഒരിക്കലെങ്കിലും രുചിച്ചുനോക്കും (Kannur Kuthuparamba Kallu cafe).
കല്ലു കഫെയിലെ അവലിനും കാപ്പിക്കും എന്താണ് സവിശേഷത എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഒരിക്കലെങ്കിലും കഴിച്ചുനോക്കണമെന്നാണ്. കൂത്തുപറമ്പിനടുത്ത വേങ്ങാട്ടെ അവല്‍ മില്ലില്‍ നിന്നും പ്രത്യേക പരുവത്തില്‍ ഇടിച്ചുകൊണ്ടുവരുന്ന അവലാണ് കല്ലു കഫെയില്‍ കൊണ്ടുവരുന്നത്. സാധാരണ അവലിനേക്കാള്‍ മൃദുവാണ് ഇത്.
അവലില്‍ ഇളം തേങ്ങ ചിരവിയിട്ട് അതിന് മുകളില്‍ ചെത്തിയിട്ട ശര്‍ക്കരയും ചേര്‍ത്താണ് കല്ലു കഫെയില്‍ നിന്നും നല്‍കുന്നത്. ആസ്വദിച്ച് ഒരു പിടുത്തം പിടിക്കണമെങ്കില്‍ കൂട്ടിന് റോബസ്റ്റ പഴവുമുണ്ട്. കുഴച്ചാണോ മുറിച്ചാണോ എങ്ങനെ വേണമെങ്കിലും ഇഷ്‌ടാനുസരണം കഴിക്കാം. ഇത് ഒരു തവണ കഴിച്ച് നോക്കിയാലറിയാം രുചി.
കാപ്പിയിലുമുണ്ട് പ്രത്യേകത. വടക്കേ മലബാറിലെ വീടുകളില്‍ ചായ സ്ഥാനം പിടിക്കുന്നതിന് മുമ്പ് ഉള്ള രീതിയാണ് കല്ലു കഫെയില്‍ തുടരുന്നത്. ഉലുവയും കാപ്പിക്കുരുവും വറുത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്തതാണ് കാപ്പി. ഇതില്‍ പാല്‍ ചേര്‍ക്കാറില്ല. ഈ ചേരുവയ്ക്കുമുണ്ട് കല്ലു കഫെയുടെ സീക്രട്ട്.
മലയാള വര്‍ഷം 1072 ചിങ്ങം ആറിനാണ് പാറപ്രം സ്വദേശി അച്യുതന്‍ ഓലമേഞ്ഞ കാപ്പിക്കട ആരംഭിച്ചത്. അവിടെ നിന്നും അവല്‍ ഇടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തി കഴിയുകയായിരുന്നു അച്യുതന്‍. അക്കാലത്ത് കാപ്പിക്കൊപ്പം അവലിന് പുറമെ ആവശ്യക്കാര്‍ക്ക് കപ്പയും നല്‍കിയിരുന്നു. എന്നാല്‍ അവലിനായിരുന്നു ഡിമാന്‍ഡ്.
അദ്ദേഹം കാലക്രമേണ കട മകന്‍ കണ്ണന് കൈമാറി. കണ്ണനില്‍ നിന്നും നാണു ഏറ്റെടുത്തു. കണ്ണന്‍റെ മകള്‍ കല്ലുവിന്‍റെ പേരായിരുന്നു കഫെക്ക് നല്‍കിയത്. കല്ലുവിന്‍റെ ഭര്‍ത്താവ് മരിച്ച ശേഷമാണ് കടയുടെ ഉടമ കല്ലുവായത്. കട നടത്തിക്കൊണ്ടിരിക്കെ കെട്ടിടം തകര്‍ന്ന് കല്ലു അപകടത്തിലായി. മൂന്ന് വര്‍ഷം ആശുപത്രി വാസത്തിന് ശേഷം കല്ലു മരണമടഞ്ഞു.
നാല് പതിറ്റാണ്ട് കാലം കല്ലു ഈ കട നടത്തിയിരുന്നു. ഇപ്പോള്‍ കല്ലുവിന്‍റെ സഹോദരപുത്രന്‍ സായ് രാജാണ് കഫെ നടത്തി കൊണ്ടുപോന്നത്. ഗള്‍ഫിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സായ് രാജ് പരമ്പരാഗതമായി ലഭിച്ച അവല്‍ കട നടത്തിപ്പോന്നു. അമ്പത് ഗ്രാം സിംഗിള്‍ അവലിന് ചിരകിയ തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് 19 രൂപ. നൂറ് ഗ്രാം വേണ്ടവര്‍ക്ക് 38 രൂപയ്ക്ക് നല്‍കും. കാപ്പിക്ക് ആറ് രൂപയാണ്.
കഫെയിലെത്തി വീടുകളിലും മറ്റും പാഴ്‌സലായി അവല്‍ കൊണ്ടുപോകുന്നവര്‍ നിരവധിയാണ്. കഫെ സ്ഥാപകന്‍ അച്യുതന്‍റെ നാലാം തലമുറയില്‍പ്പെട്ട സായ് രാജാണ് ഇപ്പോള്‍ കട നടത്തുന്നത്. സഹായിയായി ഭാര്യയുമുണ്ട്. പഴയകാലത്ത് തേങ്ങ കൈകൊണ്ടാണ് ചിരകിയതെങ്കില്‍ ഇന്ന് യന്ത്രസഹായത്തോടെയാണ് ചിരകിയെടുക്കുന്നത്. മോട്ടോര്‍ വാഹന ജീവനക്കാരും തദ്ദേശീയരും കല്ലു കഫെയിലെ അവലിന് നൂറ് മാര്‍ക്കാണ് നല്‍കുന്നത്.