കണ്ണൂർ: കര്‍ഷകര്‍ക്കൊപ്പം സഞ്ചാരികള്‍ക്കും സമൃദ്ധിയുടെയും കാഴ്‌ചയുടെയും വിരുന്നൊരുക്കുകയാണ് കണ്ണപുരത്തെ അയ്യോത്ത് വയല്‍. കണ്ണപുരം ടൗണില്‍ നിന്ന് കുറച്ചു ദൂരം സഞ്ചരിച്ചാൽ അയ്യോത്ത് വയലിൽ എത്താം. ഒന്നും രണ്ടുമല്ല ഏക്കറു കണക്കിനു പാടത്താണ് അയ്യോത്ത് വയലില്‍ നെല്ല് വിളഞ്ഞ് പാകമായി നിൽക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും കൊവിഡ് പ്രതിസന്ധിയും പലയിടങ്ങളിലും കർഷകരെ കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരാക്കി എങ്കിലും അയ്യോത്തെ കര്‍ഷകര്‍ അപ്പോഴും കൃഷിയെ മുറുകെ പിടിച്ചു. പരമ്പരാഗത കർഷകർക്ക് പുറമെ, വിവിധ കൂട്ടായ്‌മകൾ, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിലും ഇവിടെ കൃഷി ഇറക്കിയിട്ടുണ്ട്. ഇക്കുറി നേരത്തെ കൊയ്ത്ത് ആരംഭിച്ചതിനാൽ വിളവെടുപ്പ് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.
ചെലവു കൂടിയതും തൊഴിലാളികളുടെ ലഭ്യതക്കുറവും കാരണം കൊയ്ത്തിന് യന്ത്രങ്ങളെ ആശ്രയിക്കേണ്ടി വന്നു ഇത്തവണ കർഷകർക്ക്. എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടായാലും വയല്‍ വെറുതെ ഇടാന്‍ ഒരുക്കമല്ല അയ്യോത്തെ കര്‍ഷകര്‍. കൊയ്‌ത്തിന് ശേഷം ഇവിടെ പച്ചക്കറി കൃഷി ചെയ്യാനാണ് കര്‍ഷകരുടെ തീരുമാനം. വൈകുന്നേരങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കണ്ണും മനസും നിറക്കുന്ന കാഴ്‌ച ഒരുക്കുക കൂടിയാണ് അയ്യോത്ത് വയല്‍.