കണ്ണൂർ: വരും തലമുറക്ക് വേണ്ടിയുള്ള പദ്ധതിയാണ് ജലസമൃദ്ധിയെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ. നമ്മൾ കരുതി വെക്കേണ്ടതായ പ്രകൃതി മൂലധനത്തിന്‍റെ സംരക്ഷണമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നബാർഡിന്‍റെയും നിഡയുടെയും ധനസഹായത്തോടെ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 9 നീർത്തട പ്രദേശങ്ങളിലാണ് ജല സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്. മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജലസുരക്ഷ ഉറപ്പു വരുത്തുക, ജല സമ്പത്തിലൂന്നിയുള്ള സമഗ്ര കാർഷിക വികസനം കൈവരിക്കുക എന്നിവയാണ് ലക്ഷ്യം.
വീടുകളിൽ കിണർ റീചാർജിംഗ്, ഭൂഗർഭ ജല പോഷണ സംവിധാനമൊരുക്കൽ, പൊതുസ്ഥാപനങ്ങളിൽ മഴവെള്ള സംഭരണ സംപോഷണ സംവിധാനങ്ങൾ ഒരുക്കൽ, തോടുകളുടെയും നീർച്ചാലുകളുടെയും സംരക്ഷണ-പുനരുജ്ജീവന പ്രവർത്തനങ്ങൾ, ജലസ്രോതസുകളുടെ വികസനം തുടങ്ങിയവയാണ് ജല സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ജയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിച്ചു. സി സുബ്രഹ്മണ്യം, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികൾ, കൃഷി, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.